Kollam Local

സിപിഎമ്മിന് വര്‍ഗീയ വാദികളെ പരോക്ഷമായി പിന്തുണക്കുന്ന സമീപനം: എംഎം ഹസ്സന്‍



ഇരവിപുരം: വര്‍ഗീയ വാദികളെ പരോക്ഷമായി പിന്തുണക്കുന്ന സമീപനമാണ് സിപിഎം കേരളത്തില്‍ സ്വീകരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ പറഞ്ഞു. ട്രേഡ് യൂനിയന്‍ നേതാവും മുന്‍ ഡിസിസി പ്രസിഡന്റുമായിരുന്ന പി ഏ അസീസിന്റെ മുപ്പത്തിയെട്ടാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് പിഏ അസീസ് സ്മാരക സമിതി കൊല്ലൂര്‍വിള സര്‍വീസ് സഹകരണ ബാങ്ക് സുവര്‍ണ ജൂബിലി മന്ദിരഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി പ്രീണന നയമാണ് സിപിഎമ്മിന് ഇപ്പോഴുള്ളത്. യഥാര്‍ത്ത ശത്രു ബിജെപിയാണെന്ന് പറയുവാന്‍ സിപിഎമ്മിന് കഴിയുന്നില്ല. മുഖ്യശത്രു ആരാണെന്ന ഗവേഷണത്തിലാണവര്‍. വികസന വിരോധം പറയുന്ന പിണറായിയും സിപിഎമ്മും വികസന ദ്രോഹികളാണ്. കോഴിക്കോട് ജില്ലയിലും പരിസരങ്ങളിലുമുള്ള തദ്ദേശസ്ഥാപനങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും, എസ്ഡിപിഐയുമായി അധികാരം പങ്കിടാന്‍ മടി കാട്ടാത്ത സിപിഎം ഗെയില്‍ സമരത്തില്‍ യുഡിഎഫിനൊപ്പം നില്‍ക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കുകയാണ്. ജാതി മത ചിന്തകളുടെ പേരില്‍ വര്‍ഗീയ ദ്രുവീകരണം ഉണ്ടാക്കി രാജ്യത്ത് നിലനില്‍ക്കുന്ന ഐക്യത്തെ തകര്‍ക്കാനാണ് രാജ്യം ഭരിക്കുന്നവര്‍ ശ്രമിക്കുന്നത്. ഭരണകൂട വര്‍ഗീയതയാണ് ഇന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം. ഭരിക്കുന്നവരുടെ വാക്കുകളില്‍ മാത്രമാണ് മതേതരത്വം ഉള്ളത്. പ്രവര്‍ത്തി മുഴുവന്‍ മതേതരത്വം തകര്‍ക്കുന്ന രീതിയിലുള്ളതാണ്. അടിയുറച്ച കോണ്‍ഗ്രസ്സുകാരനും മതവിശ്വാസിയുമായിരുന്നു പി.എ.അസീസ്. സംശുദ്ധ രാഷ്ടിയ ജീവിതത്തിന് ഉടമയായിരുന്നു എന്നതിനു പുറമെ മൂല്യവത്തായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ആളായിരുന്നു. പുതിയ തലമുറക്ക് മാതൃകയാക്കാവുന്ന നേതാവാണ് പിഎ അസീസെന്നും അദ്ദേഹം പറഞ്ഞു. നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള എന്‍ഡോവ്‌മെമെന്റ് വിതരണം എന്‍ കെ പ്രേമചന്ദ്രന്‍ എം പി നിര്‍വഹിച്ചു. പിഏ അസീസ് സ്മാരക സമിതി പ്രസിഡന്റ് അഡ്വ. എ ഷാനവാസ് ഖാന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി.പ്രസിഡന്റ് ബിന്ദുകൃഷ്ണ, എന്‍ അഴകേശന്‍, ജി.പ്രതാപ വര്‍മ തമ്പാന്‍, അഡ്വ.ജമീലാ ഇബ്രാഹിം, അഹമ്മദ് കോയ, രാജ് മോഹന്‍, എം ഭാസ്‌കരന്‍, രമാ രാജന്‍, നെടുങ്ങോലം രഘു, ജയപ്രകാശ്, എം ബദറുദ്ദീന്‍, രാജശേഖരന്‍  നാസര്‍ അസീസ്, എസ് കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it