ernakulam local

സിദ്ദീക്കിനെയും ബെന്നിയെയും ജന്മനാട് ആദരിച്ചു

വൈപ്പിന്‍: ചലചിത്ര രംഗത്ത് വൈപ്പിന്‍കരയുടെ സംഭാവനയായ അഭിനയരംഗത്ത് 30 വര്‍ഷം പിന്നിട്ട സിദ്ദീക്കിനും സൂപ്പര്‍ ഹിറ്റ് തിരക്കഥകളെഴുതി മലയാള സിനിമയെ സമ്പന്നമാക്കിയ ബെന്നി പി നായരമ്പലം എന്നിവരെ ജന്മനാട് ആദരിച്ചു. ഇരുവരും അംഗങ്ങളായ വൈപ്പിന്‍ ആര്‍ടിസ്റ്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (വാവ)സംഘടിപ്പിച്ച പരിപാടിയില്‍ ജീവിതത്തിന്റെ നാനാ കോണുകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.
തെക്കന്‍ മാലിപ്പുറം രാജഗിരി സീഷോര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ മലയാള സിനിമാരംഗത്തെ നിരവധി കലാകാരന്മാര്‍ പങ്കെടുത്തു.
സിദ്ദീക്കിനെയും ബെന്നിയെയും മമ്മൂട്ടി ആദരിച്ചു. ഇത്തവണത്തെ സിനിമാ അവാര്‍ഡ് ജേതാക്കളായ പൗളി വത്സന്‍, രംഗനാഥ് രവി എന്നിവരെയും ആദരിച്ചു. ജയറാം, ജഗദീഷ്, മനോജ് കെ ജയന്‍, മണിയന്‍പിള്ള രാജു,സലീംകുമാര്‍, രമേഷ് പിഷാരടി, പട്ടണം റഷീദ്, സത്യന്‍ അന്തിക്കാട്, എസ് എന്‍ സ്വാമി, ജോഷി, നമിത പ്രമോദ്, സുരഭി ലക്ഷ്മി തുടങ്ങിയ നിരവധി സിനിമാ പ്രവര്‍ത്തകര്‍ എത്തിയിരുന്നു.
സംവിധായകന്‍ ജിബു ജേക്കബ് പ്രോഗ്രാം ഡയറക്ടറായി അരങ്ങിലെത്തിച്ച പ്രശസ്തരായ ഗായകരുടെ ഗാനാലാപനം, കോമഡി സ്‌കിറ്റ്, നൃത്തം തുടങ്ങിയവ കാണികളെ ആകര്‍ഷിച്ചു.
പരിപാടിയുടെ സംഗീത സംവിധാനം സെബി നായരമ്പലവും ചീഫ് കോ-ഓഡിനേറ്റര്‍ അനില്‍ പ്ലാവിയന്‍സുമായിരുന്നു. വാവ പ്രസിഡന്റ് ഞാറക്കല്‍ ശ്രീനി, ജനറല്‍ സെക്രട്ടറി കെ എസ് രാധാകൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it