Kollam Local

സിഐ ഓഫിസ് മാര്‍ച്ചിനിടെ സംഘര്‍ഷം: രണ്ട് പേര്‍ക്ക് പരിക്കേറ്റു



ചവറ: ആര്‍എസ്പി സംസ്ഥാന കമ്മിറ്റിയംഗവും മണ്ഡലം ആക്ടിങ് സെക്രട്ടറിയുമായ ജസ്റ്റിണ്‍ ജോണിന്റെ വീട്ടില്‍ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്നാരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ ചവറ സിഐ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിനിടെ പോലിസും പ്രവര്‍ത്തകരും തമ്മിലുണ്ടായ ഉന്തിലും തള്ളിലും രണ്ട് പ്രവര്‍ത്തകര്‍ പരിക്കേറ്റു. ചവറയുടെ വിവിധ പ്രദേശങ്ങളില്‍ നടന്നു വരുന്ന ആക്രമണത്തിന് കാരണക്കാരയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ചവറ സിഐ ഗോപകുമാര്‍ സംരക്ഷിക്കുന്നു എന്നാരോപിച്ചായിരുന്നു മാര്‍ച്ച്. തട്ടാശേരിയില്‍ നിന്ന്  പ്രകടനവുമായെത്തിയ മാര്‍ച്ച് സിഐ ഓഫിസിന് മുന്നില്‍ വെച്ച് പോലിസ് തടഞ്ഞു.ഇതിനിടയില്‍ പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഉന്തും തള്ളും നടന്നു. സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് ചവറ  മണ്ഡലം പ്രസിഡന്റ് ബാബു ജി പട്ടത്താനത്തിനും ചവറ ബ്ലോക്ക് പഞ്ചായത്തംഗം ആര്‍ അരുണ്‍രാജിനും പരിക്കേറ്റു. തലക്ക് പരിക്കേറ്റ അരുണ്‍രാജ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.സംഘര്‍ഷം ശക്തമായതോടെ നേതാക്കളും ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരുമെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചു. രംഗം വഷളാകാതിരിക്കാന്‍ കരുനാഗപ്പളളി, തെക്കുംഭാഗം, ശക്തികുളങ്ങര ചവറ, കൊല്ലം എആര്‍ ക്യാംപ് എന്നിവിടങ്ങളില്‍ നിന്നും പോലിസ് സന്നാഹത്തെയും വ്യന്ന്യസിച്ചിരുന്നു. കരുനാഗപ്പള്ളി എസിപി ശിവപ്രസാദിന്റെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കളായ ചവറ അരവി, കോലത്ത് വേണുഗോപാല്‍,എ എം സാലി ,ആര്‍ നാരായണപിള്ള, എസ് ലാലു, സന്തോഷ് തുപ്പാശേരി, ഡി സുനില്‍കുമാര്‍, ചവറ പത്മകുമാര്‍,എസ് ശോഭ എന്നിവരുമായി നടന്ന ചര്‍ച്ചയില്‍ ആര്‍എസ്പി നേതാവിന്റെ വീടാക്രമണവുമായി ബന്ധപ്പെട്ട് കുറ്റക്കാരെ എത്രയുംപ്പെട്ടെന്ന് പിടികൂടാമെന്നും ചവറയില്‍ അടിക്കടി ഉണ്ടാകുന്ന ആക്രമണവുമായി ബന്ധപ്പെട്ട് സര്‍വകക്ഷിയോഗം വിളിക്കാമെന്നും   ഉറപ്പിന്‍മേല്‍ ഉപരോധം അവസാനിപ്പിച്ചു. ഉപരോധത്തെ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
Next Story

RELATED STORIES

Share it