palakkad local

സാമൂഹിക സുരക്ഷാ മിഷന്‍ ഇടപെട്ടു : ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം സൗജന്യമാവുന്നു



എംവി വീരാവുണ്ണി

പട്ടാമ്പി: ഭിന്ന ശേഷിക്കാരായ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ സൗജന്യ പഠനത്തിന് തടസ്സമായിരുന്ന ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ നിലപാടിനെതിരേ സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്റെ ഇടപെടല്‍. ഇനി മുതല്‍ സൗജന്യമായി പ്ലസ് വണ്‍ മുതല്‍ പഠിക്കാന്‍ ആവശ്യമായ സാഹചര്യം നടപ്പാക്കാനുള്ള നടപടി തുടങ്ങി. ഭിന്ന ശേഷിക്കാരായ വിദ്യാര്‍ഥികളോട് 1995 മുതല്‍ തുടരുന്ന ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ നീതി നിഷേധ നടപടിക്കുള്ള തിരിച്ചടി കൂടിയാണിത്. 19 വയസ്സു വരെ ലോകാരോഗ്യ സംഘടനയും 18 വയസ്സു വരെ കേന്ദ്ര ആരോഗ്യ മന്ത്രാലയവും  ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് നടപ്പാക്കിയിട്ടുള്ള പദ്ധതി കേരളത്തില്‍ നടപ്പാക്കാത്തതിനെക്കുറിച്ച്  തേജസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ഉപരാഷ്ട്രപതി ഉദ്ഘാടനം  ചെയ്ത അനുയാത്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്ന ശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നല്‍കാമെന്ന് വാര്‍ത്ത സൂചിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയില്‍െപ്പട്ട അനുയാത്ര പദ്ധതി പ്രമോട്ടര്‍മാരായ സാമൂഹിക സുരക്ഷാ മിഷന്‍ പ്രവര്‍ത്തകര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടങ്ങി. തുടര്‍ന്ന് സൗജന്യ പ്ലസ് വണ്‍ പ്രവേശനത്തിനാവശ്യമായ നടപടികള്‍ പുരോഗമിക്കുന്നതായി  സാമൂഹിക സുരക്ഷാ മിഷന്റെ ഉന്നത ഉദ്യോഗസ്ഥന്‍ തേജസിനോട് പറഞ്ഞു. പദ്ധതി നടപ്പായാല്‍ പത്താം തരം വിജയിച്ച ശേഷം ഉപരിപഠനത്തിനു സാമ്പത്തിക ശേഷിയില്ലാത്ത് ഭിന്നശേഷിക്കാരായ അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നേടാനാവും.
Next Story

RELATED STORIES

Share it