Pathanamthitta local

'സാമൂഹിക വ്യവസ്ഥയുടെ തെറ്റുകളെ എതിര്‍ക്കുന്നവരാണ് എഴുത്തുകാര്‍'



പത്തനംതിട്ട: നിലവിലുള്ള സാമൂഹിക വ്യവസ്ഥയുടെ തെറ്റുകളെ വളരെ ശക്തിയായി എതിര്‍ക്കുന്നവരാണ് ലോകത്ത് എവിടെയുമുള്ള എഴുത്തുകാരെന്ന് പ്രശസ്ത കവി ഏഴാച്ചേരി രാമചന്ദ്രന്‍. കേരളാ സാഹിത്യ അക്കാദമിയുടെയും സരസകവി മൂലൂര്‍ സ്മാരകത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സര്‍ഗധനരായ യുവ കവികള്‍ക്കായി ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ ആരംഭിച്ച മൂന്നു ദിവസത്തെ സംസ്ഥാനതല കവിതാ ക്യാംപ്  'പോരാട്ടം: കവിതയില്‍' എന്ന വിഷയം അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷക്കാരനാണെന്നു പ്രത്യേകിച്ച് ഒരു എഴുത്തുകാരനെ കുറിച്ചും കവിയെക്കുറിച്ചും പറയേണ്ടതില്ല. നിലവിലുള്ള തെറ്റിനെ എതിര്‍ക്കുകയെന്നത് പോരാട്ടത്തിന്റെ സ്വഭാവമാണ്. ലോകത്തെ ഏതൊരു ജീവിതത്തിന്റെ കാലഘട്ടത്തിലും ഏതൊരു ഭൗതിക ജീവിത സമൃദ്ധിയിലും ഏതൊരു ഋതു പകര്‍ച്ചയിലും ജീവിക്കുന്ന മുഴുവന്‍ എഴുത്തുകാരും തെറ്റിനെതിരേ ഇടതുപക്ഷം ചേര്‍ന്ന് പോരാടുന്നവരാണ്. ലോകത്തിന്റെയും ഭാരതത്തിന്റെയും കേരളത്തിന്റെയും സാഹിത്യ ചരിത്രം ഇതാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ എംഎല്‍എ കെ സി രാജഗോപാലന്റെ അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം മങ്ങാട് ബാലചന്ദ്രന്‍, എ ഗോകുലേന്ദ്രന്‍, കണിമോള്‍, കെ എന്‍ രാജേശ്വരന്‍, മൂലൂര്‍ സ്മാരക സെക്രട്ടറി പ്രഫ. ഡി പ്രസാദ് സംസാരിച്ചു. ഇതോടനുബന്ധിച്ച് കവിതാ അവതരണം, ആസ്വാദനം, വിലയിരുത്തല്‍ എന്നിവ നടന്നു. മൂലൂര്‍ വിപഞ്ചിക കലാപരിപാടികള്‍ അവതരിപ്പിച്ചു. ഇന്ന് രാവിലെ ഒമ്പതിന്  കവിതയുടെ സൂക്ഷ്മരാഷ്ട്രീയം എന്ന വിഷയം കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ പി മോഹനന്‍ അവതരിപ്പിക്കും. രാവിലെ 11ന് കവിതയുടെ വര്‍ത്തമാനം എന്ന വിഷയം ഡോ.പി സോമന്‍ അവതരിപ്പിക്കും. 2.30ന് നവദര്‍ശനങ്ങള്‍ മലയാള കവിതയില്‍ എന്ന വിഷയം കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം ഡോ.സി ഉണ്ണികൃഷ്ണന്‍ അവതരിപ്പിക്കും.
Next Story

RELATED STORIES

Share it