Kollam Local

സാമൂഹിക വിരുദ്ധ ആക്രമണം; ക്ലാസ് മുറികള്‍ നശിപ്പിച്ചു

ചവറ:ചവറ കൊട്ടുകാട് മുകുന്ദപുരം മുസ്‌ലിം എല്‍പി സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. ക്ലാസ് മുറികള്‍ നശിപ്പിച്ചു. മുറികളിലെ പുസ്തകങ്ങള്‍ ഫര്‍ണിച്ചറുകള്‍ എന്നിവ വാരി വലിച്ചിട്ടു.
അടച്ചിട്ട ക്ലാസ് മുറികളുടെ പൂട്ട് തകര്‍ത്താണ് അക്രമം നടത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്‌കൂള്‍ അവധിയായിരുന്നു. തിങ്കളാഴ്ച്ച സ്‌കൂള്‍ തുറന്നപ്പോളാണ് അക്രമ വിവരം അറിയുന്നത്. മുകള്‍ നിലയിലും താഴെയുമായുള്ള അഞ്ച് ക്ലാസ് മുറികളിലാണ് അക്രമം അരങ്ങേറിയത്.
ക്ലാസ് മുറികളിലെ ട്യൂബ് ലൈറ്റുകള്‍ തകര്‍ത്തിട്ടുണ്ട്. കുട്ടികള്‍ എത്തുമ്പോള്‍ ക്ലാസ് മുറികളിലാകെ പുസ്തകങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. പുസ്തകങ്ങള്‍ മാലിന്യം നിക്ഷേപിക്കാന്‍ സ്ഥാപിച്ച കുഴികളില്‍ വലിച്ചെറിഞ്ഞു. സ്‌കൂളിന് പിന്നില്‍ സ്ഥാപിച്ച ജൈവ വൈവിദ്ധ്യ പാര്‍ക്കിലെ ചെടികള്‍ നശിപ്പിച്ചു. ചവറ ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ് മുകുന്ദപുരം മുസ്‌ലിം എല്‍പി സ്‌കൂള്‍. പൂര്‍വ്വ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ അധ്യയനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളും നടന്നു വരികയായിരുന്നു. ഈ വര്‍ഷത്തെ സബ് ജില്ലാ കലോല്‍സവത്തില്‍ എല്‍.പി. വിഭാഗത്തില്‍ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് നേടിയ കുട്ടികള്‍ക്ക് അനുമോദനം നടത്താനിരുന്ന ദിവസമാണ് അക്രമവിവരം അധികൃതര്‍ അറിയുന്നത്. സംഭവമറിഞ്ഞ്  രാവിലെയെത്തിയ സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതനുസരിച്ച് ചവറ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്‌കൂളിലെത്തി പരിശോധന നടത്തി. അക്രമത്തില്‍ രക്ഷകര്‍ത്താക്കള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്ന് പോലിസിനോടാവശ്യപ്പെട്ടു. എന്‍ വിജയന്‍ പിള്ള എംഎല്‍എ ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി പിള്ള, ചവറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പികെ ലളിത, ജില്ലാ പഞ്ചായത്തംഗം ശോഭ എന്നിവരും അക്രമവിവരമറിഞ്ഞ് സ്‌കൂളിലെത്തിയിരുന്നു.
Next Story

RELATED STORIES

Share it