Idukki local

സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ച വഴിയോര വാഹന കാത്തിരിപ്പ് കേന്ദ്രം പുനര്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമായി



അടിമാലി: മാസങ്ങള്‍ക്ക് മുമ്പ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ച വഴിയോര വാഹന കാത്തിരിപ്പ് കേന്ദ്രം അറ്റകുറ്റപ്പണികള്‍ നടത്തി ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുവാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാകുന്നില്ല. ദേശീയപാതയോരത്ത് അടിമാലി അമ്പലപ്പടിയില്‍ നിര്‍മിച്ചിരുന്ന കാത്തിരിപ്പ് കേന്ദ്രമാണ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നശിപ്പിച്ചത്. കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ ഭിത്തി കമ്പിപാര ഉപയോഗിച്ച് ഇഷ്ടികകള്‍ കുത്തിയിളക്കി ഇട്ടിരിക്കുകയാണ്. മനപുര്‍വ്വം നശിപ്പിക്കുന്നതിന് വേണ്ടി ചെയ്തതാണ്. കഴിഞ്ഞ വര്‍ഷവും ഇതിന് മുമ്പ് ഇങ്ങനെ ശ്രമം ഉണ്ടാവുകയും പ്രദേശവാസികള്‍ എത്തിയതിനെ തുടര്‍ന്ന് സാമൂഹ്യ വിരുദ്ധര്‍ ഓടി രക്ഷപെടുകയായിരുന്നു. കെട്ടിടം നശിപ്പിക്കുന്നതിനായി കോണ്‍ക്രീറ്റിന് മുകളില്‍ ഉപ്പ് നിരത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. സ്‌കൂള്‍ കുട്ടികളും അമ്പലത്തിലെത്തുന്ന വിശ്വാസികളടക്കം നിരവധി ആളുകള്‍ ഇവിടെയാണ് കയറി നില്‍ക്കുന്നത്. 1977ല്‍ മന്നാങ്കണ്ടം പഞ്ചായത്തായിരിക്കെ  പണികഴിപ്പിച്ചതാണ് ഈ വെയിറ്റിങ് ഷെഡ്. ഇപ്പോള്‍ ഇത് തകര്‍ക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ചില സാമൂഹ്യ വിരുദ്ധരാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ പഞ്ചായത്ത് അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. അതോടൊപ്പം ഇതിന് മുന്‍വശത്തായി ഓട്ടോ റിക്ഷകള്‍ പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ രണ്ട് ദിവസമായപ്പോഴേക്കും പാതയോരത്ത് കൊടികള്‍ കുത്തി ബിഡിജെഎസ് പ്രവര്‍ത്തകര്‍ ഓട്ടോ സ്റ്റാന്റ് തടഞ്ഞിരിക്കുകയാണ്. ഇതിനായി എസ്എന്‍ഡിപിയുടെ കൊടിയാണ് ഇവര്‍ ഉപയോഗിച്ചിരിക്കുന്നത്. അടിമാലി പഞ്ചായത്ത് ട്രാഫിക് അഡൈ്വസറി കമ്മിറ്റി ഒന്നാം നമ്പര്‍ സ്റ്റാന്റായി അനുവദിച്ചിരിക്കുന്നത് അമ്പലപ്പടിയാണ്. ടൗണില്‍ ഓട്ടോകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതും സ്ഥലപരിമിതിയും മൂലം   ഏതാനും ഓട്ടോകള്‍ അമ്പലപ്പടിയിലേക്ക് മാറ്റാന്‍ തൊഴിലാളികള്‍ തീരുമാന മെടുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച  ഓട്ടോറിക്ഷകള്‍ അമ്പലപ്പടിയിലെ വെയ്റ്റിങ് ഷെഡിന് മുമ്പിലേക്ക് മാറ്റിയത്. കച്ചവടക്കാര്‍ക്കോ  മറ്റു പൊതുജനങ്ങള്‍ക്കോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിലാണ് ഇവിടെ തൊഴിലാളികള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത്. അടിയന്തരമായി വെയിറ്റിങ് ഷെഡ് പുതുക്കി പണിതും ഓട്ടോ റിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നതിനുമുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
Next Story

RELATED STORIES

Share it