സാമൂഹിക പ്രവര്‍ത്തകരുടെ അറസ്റ്റ്: ഹരജി തള്ളി

ന്യൂഡല്‍ഹി: ഭീമ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെടുത്തി പൂനെ പോലിസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരായ ഹരജികള്‍ തള്ളിയത് പുനപ്പരിശോധിക്കില്ലെന്നു സുപ്രിംകോടതി.
അറസ്റ്റ് സംബന്ധിച്ചു പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹരജി പുനപ്പരിശോധിക്കണമെന്ന് ചരിത്രകാരി റൊമീലാ ഥാപ്പര്‍, സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്‌നായിക് എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം. ഭീമ കൊരേഗാവ് കേസുമായി ബന്ധപ്പെടുത്തി മനുഷ്യാവകാശ പ്രവര്‍ത്തരെ അറസ്റ്റ് ചെയ്ത് അന്വേഷണവുമായി മുന്നോട്ടു പോവാമെന്നായിരുന്നു മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലെ രണ്ടംഗങ്ങളുടെ ഭൂരിപക്ഷ വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കറുമാണ് ഈ നിലപാട് സ്വീകരിച്ചത്.
എന്നാല്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അതിനോടു വിയോജിച്ചുകൊണ്ട് ന്യൂനപക്ഷ വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരേ റോമീലാ ഥാപ്പറും പ്രഭാത് പട്‌നായിക്കും നല്‍കിയ പുനപ്പരിശോധനാ ഹരജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് വെള്ളിയാഴ്ച ഒന്നേമുക്കാലോടെ ചേംബറില്‍ വച്ച് പരിഗണിച്ചു തള്ളിയത്.
അറസ്റ്റ് സംബന്ധിച്ചു പ്രത്യേക സംഘം അന്വേഷണം നടത്തണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാല്‍, എല്ലാ വസ്തുതകളും പരിശോധിച്ചാണ് ഹരജികള്‍ തള്ളിയതെന്നും പുനപ്പരിശോധിക്കേണ്ട സാഹചര്യമില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും എ എം ഖാന്‍വില്‍ക്കറും വ്യക്തമാക്കിയത്. അതേസമയം, ജസ്റ്റിസ് ചന്ദ്രചൂഡ് തന്റെ പഴയ നിലപാടില്‍ ഉറച്ചു നിന്നതായാണ് സൂചന.

Next Story

RELATED STORIES

Share it