kasaragod local

സാമൂഹിക ക്ഷേമ പെന്‍ഷന്‍ വിതരണം: ബജറ്റ് താളം തെറ്റുമെന്ന് ജീവനക്കാര്‍

കാസര്‍കോട്: പഞ്ചായത്തുകള്‍ മുഖേന വിവിധ സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ മാര്‍ച്ചോടെ അവതരിപ്പിക്കേണ്ട ബജറ്റുകള്‍ താളംതെറ്റുമെന്ന് പഞ്ചായത്ത് ജീവനക്കാര്‍. ത്രിതല പഞ്ചായത്ത് സംവിധാനത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികള്‍ അവതരിപ്പിക്കുന്ന ബജറ്റ് മാര്‍ച്ച് ആദ്യവാരത്തില്‍ നടക്കും.
എന്നാല്‍ പല പഞ്ചായത്തുകളിലും നഗരസഭകളിലും ജീവനക്കാരുടെ കുറവ് ഇതിന് തടസ്സമാകുന്നുണ്ട്.
മാത്രവുമല്ല വിവിധ സാമൂഹിക ക്ഷേമപെന്‍ഷനുകള്‍ പഞ്ചായത്തുകള്‍ മുഖേന ഗുണഭോക്താക്കള്‍ക്ക് നേരിട്ട് വിതരണം ചെയ്തുവരുന്ന സാഹചര്യത്തില്‍ ബജറ്റ് തയ്യാറാക്കാന്‍ പല പഞ്ചായത്തുകള്‍ക്കും സാധിച്ചിട്ടില്ല. ചെക്കുകളുമായി ജീവനക്കാര്‍ ഗുണഭോക്താക്കളെ തേടി വീടുകളിലേക്ക് പോയികൊണ്ടിരിക്കുകയാണ്.
ഒരു വര്‍ഷത്തെ പഞ്ചായത്തിന്റെ ബജറ്റ് റിപോര്‍ട്ട് തയ്യാറാക്കാന്‍ ഇനിയും പലയിടങ്ങളിലും ഗ്രാമസഭകള്‍ പോലും ചേര്‍ന്നിട്ടില്ല. യുഡിഎഫ് സര്‍ക്കാറിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജനങ്ങള്‍ക്ക് നേരിട്ട് സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഇത് പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമാണെങ്കി ലും ജീവനക്കാര്‍ക്കാണ് ഇതിന്റെ ദുരിതം അനുഭവിക്കേണ്ടിവരുന്നത്. പല ത്രിതല പഞ്ചായത്തുകളിലും ആവശ്യത്തിന് ജീവനക്കാരില്ല. ഉള്ള ജീവനക്കാര്‍ രാവിലെ ചെക്കുമായി വീടുകള്‍ കയറിയിറങ്ങുകയാണ്.
ഇതുമൂലം മാര്‍ച്ച് ആദ്യവാരത്തില്‍ അവതരിപ്പിക്കേണ്ട ബജറ്റിന് ഒരുക്കങ്ങളായിട്ടില്ല. മാര്‍ച്ചില്‍ പൊതു തിരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലവില്‍ വരുന്നതിന് മുമ്പ് ബജറ്റ് അവതരിപ്പിച്ചില്ലെങ്കില്‍ തുക ലാപ്‌സാകും. ഇതോടെ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാകുമെന്ന ആശങ്കയിലാണ് ജീവനക്കാരും ഭരണസമിതി അംഗങ്ങളും.
Next Story

RELATED STORIES

Share it