സാഫ് ഗെയിംസ്: പൊന്നില്‍ മുങ്ങിക്കുളിച്ച് ഇന്ത്യ

ഗുവാഹത്തി: 12ാമത് ദക്ഷിണേഷ്യന്‍ ഗെയിംസിന്റെ മൂന്നാം ദിനവും ആതിഥേയരായ ഇന്ത്യയുടെ തേരോട്ടം. മൂന്നാം ദിവസത്തെ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 53 സ്വര്‍ണവും 20 വെള്ളിയും ആറ് വെങ്കലവുമടക്കം 79 മെഡലുകളുമായി ഇന്ത്യ ഏറെ മുന്നിലാണ്. 11 സ്വര്‍ണവും 27 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകളുമായി ശ്രീലങ്ക രണ്ടാം സ്ഥാനത്തും നാല് സ്വര്‍ണവും 11 വെള്ളിയും 14 വെങ്കലവുമടക്കം 29 മെഡലുകളുമായി പാകിസ്താന്‍ മൂന്നാം സ്ഥാനത്തുമാണ്.
ബംഗ്ലാദേശ്, നേപ്പാള്‍, അഫ്ഗാനിസ്താന്‍, മാലദ്വീപ്, എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. ഇതു വരെ മെഡലുകളൊന്നും ലഭിക്കാതിരുന്ന മാലദ്വീപിന് ഇന്നലെ ഒരു വെങ്കലം ലഭിച്ചപ്പോള്‍ മറ്റൊരു സാഫ് രാജ്യമായ ഭൂട്ടാന്‍ ഇതുവരെ മെഡല്‍പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല.
നീന്തലില്‍ സാജന്‍ പ്രകാശിനു പുറമേ ഇന്നലെ മറ്റൊരു മലയാളി താരം കൂടി സ്വര്‍ണമണിഞ്ഞു. 100 മീറ്റര്‍ ബാക്‌സ്‌ട്രോക്കില്‍ പി എസ് മധുവാണ് രാജ്യത്തിനു വേണ്ടി സ്വര്‍ണമണിഞ്ഞത്. നേരത്തെ വനിതകളുടെ 800 മീറ്റര്‍ ഫ്രീസ്റ്റൈലിലും ഇന്ത്യയുടെ മാളവിക സ്വര്‍ണം നേടിയിരുന്നു.
അമ്പെയ്ത്തിലും ഗുസ്തിയിലുമാണ് ഇന്നലെ ഇന്ത്യന്‍ താരങ്ങള്‍ മെഡലുകള്‍ വാരിക്കൂട്ടിയത്. ഷില്ലോങില്‍ നടന്ന മല്‍സരങ്ങള്‍ക്കൊടുവില്‍ അഞ്ച് സ്വര്‍ണമെഡലുകളാണ് വിവിധ വിഭാഗങ്ങളിലായി ഇന്ത്യന്‍ താരങ്ങള്‍ നേടിയത്.
അഞ്ച് സ്വര്‍ണത്തിനു പുറമേ ഈയിനത്തില്‍ ഇന്ത്യ രണ്ടു വെള്ളിയും നേടി. രണ്ടു വെള്ളിയും രണ്ട് വെങ്കലവുമാണ് അമ്പെയ്ത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ ബംഗ്ലാദേശ് കരസ്ഥമാക്കിയത്. ഗുസ്തിയില്‍ ആകെയുള്ള 16 സ്വര്‍ണമെഡലുകളില്‍ 14 മെഡലുകളും ഇന്ത്യ സ്വന്തമാക്കി.
സ്‌ക്വാഷില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ജോഷ്‌ന ചിന്നപ്പയ്ക്കു വ്യക്തിഗതയിനത്തില്‍ സ്വര്‍ണം ലഭിച്ചു. പാകിസ്താന്റെ മറിയ ടോര്‍പകി വാസിറിനെയാണ് ജോഷ്‌ന പരാജയപ്പെടുത്തിയത്.
Next Story

RELATED STORIES

Share it