Editorial

സാധാരണക്കാരുടെ ജീവിതം ദുരിതമയമാക്കുന്ന സമരം

തപാല്‍ സമരം തുടങ്ങിയിട്ട് എട്ടു ദിവസം കഴിഞ്ഞു. ഗ്രാമീണ ഡാക് സേവക്മാരുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണു സമരം. തപാല്‍ വകുപ്പിലെ നാലരലക്ഷം ജീവനക്കാരില്‍ 2.63 ലക്ഷം പേര്‍ ഇക്കൂട്ടരാണ്. കേരളത്തിലെ 25,000 തപാല്‍ ജീവനക്കാരില്‍ 15,000 പേര്‍. ഇവര്‍ക്ക് മൊത്ത ശമ്പളം 10,000 രൂപയില്‍ കുറവാണ്. ശമ്പള വര്‍ധന ശുപാര്‍ശ ചെയ്ത ജസ്റ്റിസ് തല്‍വാര്‍, കമലേഷ് ചന്ദ്ര കമ്മീഷന്‍ റിപോര്‍ട്ടുകളൊന്നും സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. ഈ ജീവനക്കാരുടെ പ്രതിവര്‍ഷ ശമ്പള വര്‍ധന 60 രൂപ മാത്രമാണ് എന്നറിയുമ്പോള്‍ അവര്‍ അനുഭവിക്കുന്ന ജീവിതപ്രയാസങ്ങളുടെ തോത് വ്യക്തമാവും. ഇങ്ങനെയൊക്കെയായിട്ടും കേന്ദ്രസര്‍ക്കാരിന്റെ ഉദാസീനതയും കടുംപിടിത്തവും കാരണം സമരം നീണ്ടുപോവുകയാണ്. താഴേത്തട്ടില്‍ കഴിയുന്ന ഒരു വിഭാഗം ജീവനക്കാരോടുള്ള സര്‍ക്കാരിന്റെ സമീപനം എത്ര കര്‍ക്കശമാണ് എന്നതിന്റെ അടയാളമാണിത്.
എന്തെങ്കിലുമൊരു തീരുമാനമെടുക്കാന്‍ ഒരു മാസം കൂടി സമയം വേണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഒരു മാസം കൂടി സമരം നീളുമ്പോള്‍ ജനജീവിതത്തില്‍ അതുളവാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ കടുത്തതായിരിക്കും. വിശേഷിച്ചും ഗ്രാമീണമേഖലയില്‍. കൊറിയറുകളോ മറ്റു നൂതന സംവിധാനങ്ങളോ ഇന്ന് ഗ്രാമപ്രദേശങ്ങളില്‍ കാര്യക്ഷമമല്ല. പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പിഎസ്്‌സി നിയമന ഉത്തരവുകള്‍ തുടങ്ങിയവ തപാലിലാണ് അയക്കുന്നത്. ഇവയൊക്കെ കെട്ടിക്കിടക്കുകയാണ്. പോസ്റ്റോഫിസുകളെ വളരെയധികം ആശ്രയിക്കുന്ന ദേശമാണ് കേരളം. സാധാരണക്കാരായ ഒട്ടേറെ പേര്‍ പോസ്‌റ്റോഫിസുകളിലെ സമ്പാദ്യപദ്ധതികളില്‍ അംഗങ്ങളാണ്. പോസ്‌റ്റോഫിസ് സേവിങ്‌സ് ബാങ്കുകളെ ആശ്രയിക്കുന്നവരും ധാരാളം. വിവിധ പെന്‍ഷനുകള്‍ ജനങ്ങള്‍ക്കെത്തുന്നത് തപാല്‍ വഴിയാണ്. സമരം നീണ്ടുപോയാല്‍ അവയുടെ വിതരണത്തെയും അതു ബാധിക്കും. ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാരുടെ ജീവിതം അത്യധികം ദുരിതമയമാവാന്‍ എല്ലാ സാധ്യതകളുമുണ്ട്. അതൊന്നും സര്‍ക്കാര്‍ തെല്ലും ഗൗനിക്കുന്നില്ലെന്നതാണ് ഏറെ സങ്കടകരം. മന്‍ കി ബാത്തിലൂടെ ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതപ്രയാസങ്ങളെപ്പറ്റി പറഞ്ഞ് സങ്കടപ്പെടുന്ന പ്രധാനമന്ത്രി, സമൂഹത്തിന്റെ താഴേത്തട്ടില്‍ കഴിയുന്നവരുടെ ജീവിതത്തെ നരകതുല്യമാക്കുന്ന ഈ അവസ്ഥയെപ്പറ്റി എന്തേ ആലോചിക്കാത്തത്? ആനുകൂല്യങ്ങള്‍ക്കു വേണ്ടി മുറവിളി കൂട്ടുന്നവരും അവരുടെ സമരംമൂലം ദുരിതമനുഭവിക്കുന്നവരും- രണ്ടു കൂട്ടരും അധഃസ്ഥിതരായതാണോ ഈ ഉദാസീനതയ്ക്കു കാരണം?
കേന്ദ്രസര്‍ക്കാര്‍ മാത്രമല്ല, രാഷ്ട്രീയപ്പാര്‍ട്ടികളും ഈ സമരം കാര്യമായെടുത്തിട്ടില്ല. ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസ്സിന്റെയും സംഘടനകള്‍ സമരരംഗത്താണ്. എന്നാല്‍, പേരിനു ചില പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു എന്നതൊഴിച്ചാല്‍, സമരത്തിന് അനുകൂലമായി ആരും കാര്യമായി യാതൊന്നും ചെയ്തിട്ടില്ല. ദേശവ്യാപകമായി പൊതുജനാഭിപ്രായം രൂപീകരിക്കുകയും ശക്തമായ പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യേണ്ട വിഷയമാണിത്. ദുരിതം അനുഭവിക്കുന്നത് താഴേത്തട്ടിലുള്ളവരാവുമ്പോള്‍ ജനകീയ രാഷ്ട്രീയവും ഇങ്ങനെയൊക്കെയോ? കഷ്ടം!
Next Story

RELATED STORIES

Share it