സാധാരണക്കാരുടെ കണ്ടെത്തലുകള്‍ക്കായി പീരുമേട്ടില്‍ ഒരു മ്യൂസിയം

ഇടുക്കി: സാധാരണക്കാരുടെ കണ്ടുപിടിത്തങ്ങള്‍ സംരക്ഷിക്കാനും പ്രദര്‍ശിപ്പിക്കാനും മ്യൂസിയം ഒരുങ്ങി. പീരുമേട്ടിലാണ് നാഷനല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റി (പിഡിഎസ്) മ്യൂസിയം ആരംഭിച്ചത്.

ബിരുദത്തില്‍ താഴെ വിദ്യാഭ്യാസമുള്ള വിദ്യാര്‍ഥികളും സ്ത്രീകളും അടക്കമുള്ളവര്‍ വിവിധ മേഖലകളില്‍ നടത്തിയ കണ്ടുപിടിത്തങ്ങളില്‍ നാഷനല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്റെ (എന്‍ഐഎഫ്) ദേശീയ അവാര്‍ഡ് നേടിയവയാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 17 വര്‍ഷത്തിനിടെ ദേശീയ അവാര്‍ഡ് നേടിയ 60 മെഷീനുകളും ഉപകരണങ്ങളും ഇവിടെയുണ്ട്.

കൂടാതെ കണ്ടുപിടിത്തക്കാരുടെയും അവരുടെ കണ്ടുപിടിത്തങ്ങളുടെയും ചിത്രങ്ങളുമുണ്ട്. നൂറിലധികം കണ്ടുപിടിത്തങ്ങളുടെ വീഡിയോ ഡോക്യുമെന്റേഷനുള്ള മള്‍ട്ടിമീഡിയ കിയോസ്‌കാണ് മ്യൂസിയത്തിലെ മുഖ്യ ആകര്‍ഷണം. ടച്ച് സ്‌ക്രീനിന്റെ സഹായത്തോടെ കണ്ടുപിടിത്തങ്ങളുടെ വിശദാംശവും പ്രവര്‍ത്തനവും നേരിട്ടു മനസ്സിലാക്കാം. 1998ലാണ് സാധാരണക്കാരുടെ കണ്ടുപിടിത്തങ്ങള്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാന്‍ പിഡിഎസ് അവസരമൊരുക്കിയത്. ഇതേത്തുടര്‍ന്ന് പിഡിഎസിന് മികച്ച പാര്‍ട്ണറായി എന്‍ഐഎഫിന്റെ അംഗീകാരവും ലഭിച്ചു. 2000 മുതല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്റെ ലക്ഷദ്വീപ്, കേരളം എന്നിവിടങ്ങളിലെ നോഡല്‍ ഏജന്‍സിയായി പിഡിഎസ് മാറി.

ഇതോടെ നിരവധി കണ്ടുപിടിത്തക്കാര്‍ക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ സാധിച്ചു. ഒരു കണ്ടുപിടിത്തത്തെക്കുറിച്ച് അറിഞ്ഞാല്‍ അതിനു നേതൃത്വം നല്‍കിയവരുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി മറ്റാരും ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയിട്ടില്ലെന്നു തെളിയിക്കും. മ്യൂസിയത്തിന്റെ ആശീര്‍വാദ കര്‍മം കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ നിര്‍വഹിച്ചു.  ഹബി മാത്യു, ഫാ. ജോസ് മടുക്കക്കുഴി സംബന്ധിച്ചു.
Next Story

RELATED STORIES

Share it