Flash News

സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ കേരളം ലോകത്തിനാകെ പ്രചോദനമെന്ന് പ്രധാനമന്ത്രി



കൊച്ചി: സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ കേരളം ലോകത്തിനാകെ പ്രചോദനവും വഴികാട്ടിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച 22ാമത് വായനമാസാചരണത്തിന്റെ ദേശീയതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.  വായനയെ എന്നും മനസ്സറിഞ്ഞ് സ്‌നേഹിക്കുന്നവരാണ് മലയാളികള്‍. അതുകൊണ്ടുതന്നെയാണ് 100 ശതമാനം സാക്ഷരതയെന്ന നേട്ടത്തിലേക്ക് കേരളം വേഗം നടന്നടുത്തത്. കൂടാതെ 100 ശതമാനം പ്രാഥമിക വിദ്യാഭ്യാസമുള്ള സംസ്ഥാനമെന്ന നേട്ടവും കേളത്തിന് മാത്രം അവകാശപ്പെട്ടതാണ്. രാജ്യത്തിനാകെ മാതൃകയാക്കാവുന്ന വിദ്യാലയങ്ങളും ലൈബ്രറികളും ഏറിയ പങ്കും സ്ഥിതി ചെയ്യുന്നതും കേരളത്തിലാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരുകള്‍ മാത്രമല്ല ഈ നേട്ടത്തിനര്‍ഹര്‍. ഇവിടെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുമാണ്. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ തന്നെയാണ് ഉദാഹരണം. സംസ്ഥാനത്ത് വായനശാലകള്‍ സ്ഥാപിക്കുന്നതിലും വായനയുടെ മഹത്വം ജനങ്ങളിലേക്ക് എത്തിക്കുന്നതിലും പി എന്‍ പണിക്കര്‍ നടത്തിയ സേവനങ്ങള്‍ വിസ്മരിക്കാനാവാത്തതാണ്. മികച്ച വിദ്യാഭ്യാസവും ജോലിയും നേടാന്‍ മാത്രം അറിവ് ഉപയോഗിക്കരുത്. സാമൂഹിക മാറ്റങ്ങള്‍ക്ക് ഉതകുന്ന തരത്തിലും രാജ്യത്തിനൊന്നാകെ നേട്ടങ്ങള്‍ സമ്മാനിക്കുവാനും അറിവുകള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കേരളത്തിനെ മാതൃകയാക്കി രാജ്യത്താകെ ലൈബ്രറി സംസ്‌കാരം ഉയര്‍ന്നുവരേണ്ടതുണ്ട്.  ജൂണ്‍ 19 വായന ദിനമായി ആചരിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു വെന്നും പ്രധാനമന്ത്രി പറഞ്ഞു.  വായന മാസാചരണത്തിന്റെ പോസ്റ്ററും യോഗ പൈതൃകം സുവനീറും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അധ്യക്ഷ്യത വഹിച്ചു. പുസ്തകം നല്‍കിയാണ് വിശിഷ്ട വ്യക്തികളെ സ്വീകരിച്ചത്.
Next Story

RELATED STORIES

Share it