സാക്കിര്‍ നായിക്കിനെതിരേ നോട്ടീസ്; മറുപടി നല്‍കാതെ ഇന്റര്‍പോള്‍

ന്യൂഡല്‍ഹി: പ്രമുഖ ഇസ്‌ലാം മതപണ്ഡിതനും വാഗ്മിയുമായ സാക്കിര്‍ നായിക്കിനെ മലേസ്യയില്‍ നിന്ന് ഇന്ത്യയിലേക്കു മടക്കിക്കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് ഇന്റര്‍പോള്‍ തടസ്സം. അന്താരാഷ്ട്ര പോലിസ് സംവിധാനമായ ഇന്റര്‍പോള്‍ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ(എ ന്‍ഐഎ) ആവശ്യത്തിന് ഏഴുമാസമായി മറുപടി നല്‍കിയിട്ടില്ല.
സാധാരണ രാജ്യങ്ങളുടെ ഇത്തരം ആവശ്യത്തോട് ഇന്റര്‍പോള്‍ മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കി റെഡ്‌കോര്‍ണര്‍ പുറപ്പെടുവിക്കാറുണ്ട്. എന്നാല്‍, സാക്കിര്‍ നായിക്കിനെതിരായ ഇന്ത്യയുടെ ആരോപണങ്ങള്‍ ഗൗരവമുള്ളതല്ലെന്നു കണ്ടതിനാലായിരിക്കണം ഇന്റര്‍പോള്‍ പ്രതികരിക്കാത്തതെന്ന് എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. വിദേശത്തുള്ള കുറ്റാരോപിതരെ സ്വന്തം രാജ്യത്തെത്തിക്കുന്നതിനുള്ള മാര്‍ഗമാണ് റെഡ്‌കോര്‍ണര്‍ നോട്ടീസ്.
സാക്കിറിനെ ഇന്ത്യയിലേക്കയക്കില്ലെന്നു കഴിഞ്ഞ ദിവ സം മലേസ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്  വ്യക്തമാക്കിയിരുന്നു. അദ്ദേഹം ഇവിടെ ഒരു കുഴപ്പവും സൃഷ്ടിക്കാത്തിടത്തോളം രാജ്യത്ത് തുടരുമെന്നായിരുന്നു മഹാതീര്‍ പറഞ്ഞത്.
കഴിഞ്ഞ ഡിസംബറിലാണ് സാക്കിറിനെതിരേ റെഡ്‌കോര്‍ണര്‍ പുറപ്പെടുവിക്കാനുള്ള ആവശ്യം ഇന്റര്‍പോളിനെ അറിയിച്ചത്. സാധാരണയായി കുറ്റക്കാര്‍ക്കെതിരായ ആരോപണങ്ങള്‍ പരിശോധിച്ച് വസ്തുതകള്‍ സ്വീകാര്യമാണെങ്കില്‍ റെഡ്‌കോര്‍ണര്‍ നോട്ടീസുമായി മുന്നോട്ടുപോവുകയാണ് ഇന്റര്‍പോള്‍ ചെയ്യാറ്. ഇത്തരത്തിലാണ് ഇന്ത്യ വിട്ട മദ്യവ്യവസായി വിജയ് മല്യ, നീരവ് മോദി എന്നിവര്‍ക്കെതിരേ നടപടിയെടുത്തത്. അതേസമയം, ഇന്ത്യയുമായി കുറ്റവാളികളെ കൈമാറുന്നതിന് കരാര്‍ ഒപ്പിട്ടിട്ടുള്ള മലേസ്യക്ക് തങ്ങളുടെ ആവശ്യം അവഗണിക്കാനാവില്ലെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it