Kottayam Local

സഹകരണ ബാങ്കില്‍ 90 ലക്ഷത്തിന്റെ സ്വര്‍ണപ്പണയ തട്ടിപ്പ് നടന്നതായി പരാതി

കറുകച്ചാല്‍: ചമ്പക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ കറുകച്ചാലിലെ മോണിങ് ആന്റ് ഈവനിങ് ശാഖയില്‍ മാത്രം സ്വര്‍ണ പണയം ഇടപാടില്‍ 90 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി പരാതി. സംഭവത്തില്‍ രണ്ടു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ബാങ്കും, കോ ഓപറേറ്റീവ് ജോ. രജിസ്ട്രാറും അന്വേഷണം ആരംഭിച്ചു. 30 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പും നാമമാത്ര സ്വര്‍ണം വച്ച് 60 ലക്ഷം രൂപയും തട്ടിച്ചു എന്നുമാണ് പ്രാരംഭമായി കണ്ടെത്തിയത്. എന്നാല്‍,  പണയം ഇടപാടില്‍ നടന്ന  തട്ടിപ്പ് സംബന്ധിച്ച് ബാങ്ക് ഇതുവരെയും പരാതികളൊന്നും പോലിസില്‍ അറിയിച്ചിട്ടില്ല. ഇതിനിടെ പണയം ഇടപാടില്‍ തട്ടിപ്പു നടത്തിയ സംഘം തുക ബാങ്കില്‍ തിരിച്ചടച്ചതായി പറയുന്നു. കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ്, ബിജെപി സഖ്യം ഭരിക്കുന്ന ബാങ്കില്‍ സമാന രീതിയില്‍ വ്യാപകമായി തട്ടിപ്പുകള്‍ മുമ്പും നടന്നിട്ടുണ്ടെന്ന ആരോപണമുണ്ട്. ചങ്ങനാശ്ശേരി കോ-ഓപറേറ്റീവ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്നുള്ള സംഘം കഴിഞ്ഞ ദിവസം ബാങ്കില്‍ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടം തട്ടിപ്പ് കണ്ടെത്തിയത്. ബാങ്കിലെ സ്വര്‍ണപ്പണയങ്ങളില്‍ സംശയം തോന്നിയ കോ-ഓപറേറ്റീവ് രജിസ്ട്രാര്‍ സ്വര്‍ണപ്പണയങ്ങള്‍ പുറത്തെടുത്ത് മാറ്റ് പരിശോധിക്കുകയായിരുന്നു. സ്വര്‍ണം പുറത്തെടുത്ത് ഉരച്ചു നോക്കിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. തുടര്‍ന്നു ബാങ്ക് അധികൃതരോടു വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍, ഇതു സംബന്ധിച്ചു കൃത്യമായ വിശദീകരണം നല്‍കാന്‍ ജീവനക്കാര്‍ക്ക് സാധിച്ചില്ല. തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ കൂടുതല്‍ തട്ടിപ്പ്  പുറത്താവുകയായിരുന്നു.ഇതേ തുടര്‍ന്നാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്. കോ-ഓപറേറ്റീവ് രജിസ്ട്രാറിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് ഭരണ സമിതി പ്രശ്‌നത്തില്‍ അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it