kozhikode local

സര്‍വകലാശാലയില്‍ സുരക്ഷയില്ലാതെ ജീവനക്കാര്‍

തേഞ്ഞിപ്പലം: ദിനേന ആയിരക്കണക്കിന് വിദ്യാര്‍ഥികളും പൊതുജനങ്ങളുമെത്തുന്ന സര്‍വകലാശാലയിലെ ടാഗോര്‍ നികേതന്‍, പരീക്ഷാഭവന്‍ എന്നിവിടങ്ങളില്‍ ജീവനക്കാര്‍ ഭീതിയില്‍. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ എത്തുന്ന അന്വേഷണ വിഭാഗത്തിലും ചലാന്‍ കൗണ്ടര്‍,  പരീക്ഷാ ഭവന്‍, വിദൂര വിദ്യാഭ്യാസ വിഭാഗം എന്നിവിടങ്ങളിലെ ജീവനക്കാരാണ് യാതൊരു വിധ ആരോഗ്യ സുരക്ഷയുമില്ലാതെ ജോലി ചെയ്യുന്നത്. അഞ്ചു ജില്ലകളില്‍ നിന്ന് സര്‍വകലാശാലയിലെത്തുന്ന വിദ്യാര്‍ഥികളടക്കമുള്ളവരുമായി ഏറെ അടുത്ത് നിന്ന് മുഖാമുഖം ആശയ വിനിമയം നടത്തുന്നവരാണ് ഇവിടങ്ങളിലെ ജീവനക്കാര്‍.
അന്വേഷണ വിഭാഗം സെക്ഷനിലാവട്ടെ നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംശയ നിവാരണം നടത്തുന്ന ജീവനക്കാര്‍ പ്രതിരോധ മാര്‍ഗ്ഗങ്ങളില്ലാതെയാണ് ജോലി ചെയ്യുന്നത്.നിപാ ഭീതിയെ തുടര്‍ന്ന് ജനങ്ങള്‍ കൂട്ടം കൂടുന്ന ചടങ്ങുകളെല്ലാം സര്‍ക്കാര്‍ മാറ്റി വച്ചതാണ്.യൂനിവേഴ്‌സിറ്റി ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് നിപ്പ ബാധയെ തുടര്‍ന്ന് മരണം സംഭവിച്ചതും രോഗങ്ങള്‍ റിപോര്‍ട്ട് ചെയ്തതും.  സര്‍വകലാശാല ഉള്‍കൊള്ളുന്ന തേഞ്ഞിപ്പലം പഞ്ചായത്തിലെ അങ്കണവാടികള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടുണ്ട്.  ഇതെ തുടര്‍ന്ന് എംപ്ലോയീസ് ഫോറം പ്രസിഡന്റ്് കെഎഫ് മനോജ് കലക്ടറുടെ ഓഫിസുമായി ബന്ധപ്പെട്ടു. വൈസ് ചാന്‍സലര്‍ കലക്ടറുമായി ഇടപെടുന്ന മുറയ്ക്ക് ജീവനക്കാര്‍ക്ക് വേണ്ടുന്ന സുരക്ഷാ സംവിധാനങ്ങള്‍ ഡിഎംഒ വഴി എത്തിക്കുമെന്ന് കലക്ടറുടെ ഓഫിസില്‍ നിന്നും അറിയിച്ചു.ഇക്കാര്യം വിസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും മനോജ് പറഞ്ഞു.
Next Story

RELATED STORIES

Share it