സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നത് 16 കോടി ചെലവില്‍

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് ഇത്തവണത്തെ ബജറ്റ് അവതരണത്തില്‍ ചെലവ് ചുരുക്കലിന് ഊന്നല്‍ നല്‍കിയെന്ന് പറയപ്പെടുമ്പോഴും സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികം ആഘോഷിക്കുന്നതിന് ചെലവാക്കുന്നത് കോടികള്‍.
16 കോടി രൂപയാണ് മെയ് ഒന്നു മുതല്‍ 31 വരെ നടത്തുന്ന വാര്‍ഷികാഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ ചെലവാക്കുന്നത്. സംസ്ഥാനത്തു പൂര്‍ത്തിയായിവരുന്ന എല്ലാ പദ്ധതികളുടെയും ഉദ്ഘാടനങ്ങള്‍ മെയിലേക്കു മാറ്റി. ഇതോടെ, ചില പദ്ധതികള്‍ നേരത്തേ പൂര്‍ത്തിയാക്കുകയും ചിലതു വൈകിപ്പിക്കുകയും ചെയ്യും. സംസ്ഥാനത്ത് അയ്യായിരത്തോളം ഉദ്ഘാടനങ്ങളെങ്കിലും മെയ് മാസത്തില്‍ നടക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍. വാര്‍ഷികാഘോഷത്തിനായുള്ള ചെലവ് 16 കോടിയില്‍ കവിയാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത കാട്ടണമെന്നു ഭരണാനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കി.
സംസ്ഥാന, ജില്ലാ, മണ്ഡല തലങ്ങളിലായാണ് ഉദ്ഘാടനങ്ങള്‍. വാര്‍ഷികം കണക്കിലെടുത്തു സംസ്ഥാനത്തെ 40 ലക്ഷം സ്‌കൂള്‍കുട്ടികള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതാനും തീരുമാനിച്ചിട്ടുണ്ട്. മെയ് രണ്ടിനു കത്തിനൊപ്പം കുട്ടികള്‍ക്കു വൃക്ഷത്തൈയും വിത്തുകളും നല്‍കും. അന്നുതന്നെ മുഴുവന്‍ വിദ്യാലയങ്ങളിലും പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങാനും എല്‍പി, യുപി ക്ലാസുകളിലെ കുട്ടികള്‍ക്കു യൂനിഫോം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. മെയ് 18നു കണ്ണൂരിലാണു സംസ്ഥാനതല ഉദ്ഘാടനം. സമാപനം തിരുവനന്തപുരത്ത് നടക്കും.
Next Story

RELATED STORIES

Share it