Flash News

സര്‍ക്കാര്‍ മദ്യനയം അട്ടിമറിക്കുന്നു : രമേശ് ചെന്നിത്തല



തിരുവനന്തപുരം: സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങി സര്‍ക്കാര്‍ മദ്യനയം അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിലൂടെ സര്‍ക്കാര്‍ ജനവഞ്ചനയാണ് നടത്തുന്നത്. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമം. പുതിയ മദ്യനയപ്രഖ്യാപനത്തിനു മുന്നോടിയായുള്ള സാംപിള്‍ വെടിക്കെട്ട് മാത്രമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്‍ഡിഎഫ് മദ്യനയം തിരുത്തുന്നത് ആര്‍ക്കുവേണ്ടിയെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിനു മുമ്പ് മദ്യക്കച്ചവടക്കാരുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണം ശക്തമാണെന്നും മദ്യശാല തുടങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന തീരുമാനം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ആളും അര്‍ഥവും നല്‍കിയവര്‍ക്കുള്ള ഉപകാരസ്മരണയാണ് ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.  സുപ്രിംകോടതിപോലും അംഗീകരിച്ചതായിരുന്നു യിഡിഎഫിന്റെ മദ്യനയം. ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയത്തോടെ സംസ്ഥാനത്ത് ദേശീയപാത ഇല്ലാതായിരിക്കുകയാണെന്നും ചെന്നിത്തല പരിഹസിച്ചു. ഇടതുസര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ ചെന്നിത്തല ഗവര്‍ണറെ കണ്ടു പ്രതിഷേധമറിയിച്ചു. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണെ് ജനങ്ങളില്‍ നിന്നുയരുന്നതെന്നും അദ്ദേഹം കൂടിക്കാഴ്ചയില്‍ ഗവര്‍ണറെ ധരിപ്പിച്ചു. വിഴിഞ്ഞം കരാറില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത് സ്വാഗതാര്‍ഹമാണ്. വിഴിഞ്ഞം വിഷയത്തില്‍ പാര്‍ട്ടിയോഗത്തില്‍ ചര്‍ച്ച നടക്കുന്നതില്‍ തെറ്റില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it