Flash News

സര്‍ക്കാര്‍ ബംഗ്ലാവുകള്‍ ഒഴിപ്പിക്കാന്‍ പുതിയ ചട്ടം



ന്യൂഡല്‍ഹി: മന്ത്രിമാര്‍ക്കും ഉന്നതര്‍ക്കും അനുവദിക്കുന്ന സര്‍ക്കാര്‍ വീടുകള്‍ ഒഴിപ്പിക്കുന്നതിന് പുതിയ ചട്ടവുമായി കേന്ദ്രസര്‍ക്കാര്‍. ചട്ടത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 1971ലെ നിയമം ഭേദഗതി ചെയ്താണ് പുതിയ ചട്ടം.ഇതുപ്രകാരം സ്ഥാനം നഷ്ടപ്പെട്ട് മൂന്നു ദിവസത്തിനുള്ളില്‍ വീട് ഒഴിഞ്ഞിരിക്കണം. മുന്‍മന്ത്രിമാരടക്കം വിഐപി ഭവനങ്ങള്‍ ഒഴിഞ്ഞു കൊടുക്കാതെ കൈവശപ്പെടുത്തി വയ്ക്കുകയും ബന്ധപ്പെട്ടവര്‍ക്ക് നല്‍കാന്‍ വീടില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. വീടു വിട്ടുനല്‍കാത്തവാരെ വേഗത്തില്‍ ഒഴിപ്പിക്കാനും പുതിയ ചട്ടം അനുമതി നല്‍കുന്നു. ഇതുവരെയുണ്ടായിരുന്ന ചട്ടപ്രകാരം വീടൊഴിയാന്‍ ഒരാഴ്ച മുതല്‍ 11 ആഴ്ചവരെയാണ് സമയം. ഈ സമയത്തിനുള്ളില്‍ പുതിയ മന്ത്രിമാര്‍ അധികാരമേല്‍ക്കുമെങ്കിലും അവര്‍ക്ക് വീടു ലഭിക്കാറില്ല. വീടൊഴിപ്പിക്കാന്‍ നടപടി സ്വീകരിച്ചാല്‍ താമസക്കാര്‍ കോടതിയില്‍പ്പോയി സ്‌റ്റേ വാങ്ങുകയും ചെയ്യും. ഇതോടെ വര്‍ഷങ്ങള്‍ നീളും. ഭേദഗതിപ്രകാരം എസ്റ്റേറ്റ് ഓഫിസിന് താമസക്കാര്‍ക്ക് ഒരു നോട്ടീസ് നല്‍കി മൂന്നു ദിവസത്തിനുള്ളില്‍ ഒഴിപ്പിച്ചെടുക്കാം. താമസക്കാരന് കീഴ്‌ക്കോടതിയില്‍ അപ്പീല്‍നല്‍കാനും ചട്ടത്തില്‍ വ്യവസ്ഥയില്ല. കേന്ദ്ര നഗര വികസന മന്ത്രാലയത്തിനു കീഴില്‍  60,000 വീടുകളാണുള്ളത്. വര്‍ഷം തോറും 8,000 വീടുകളാണ് ഒഴിയുന്നത്. എന്നാല്‍, കാലാവധി അവസാനിച്ചിട്ടും ഒഴിയാത്ത 1500 വീടുകള്‍ എങ്കിലും ഡല്‍ഹിയിലുണ്ട്. രണ്ടു വര്‍ഷമായിട്ടും ഒഴിയാതെ 70ഓളം പേര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. മൂന്നു വര്‍ഷം നിയമപോരാട്ടം നടത്തിയാണ് കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഭൂട്ടാസിങ് വീടൊഴിഞ്ഞത്. യുപിഎ മന്ത്രിമാരായിരുന്ന അംബികാ സോണി, കുമാരി ഷെല്‍ജ, ആധിര്‍ രജ്ഞന്‍ ചൗധരി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിങ് തുടങ്ങിയവരും വീടൊഴിഞ്ഞിരുന്നില്ല. അംബികാ സോണിയോടും ഷെല്‍ജയോടും വീടൊഴിയാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. മന്ത്രിസഭാ പുനസ്സംഘടന വന്ന് ഒരു വര്‍ഷമായിട്ടും പുതിയ സഹമന്ത്രിമാരായ സുഭാഷ് രാമറാവു ബാംറെ, കൃഷ്ണരാജ്, രാംദാസ് അത്താവാലെ, മഹേന്ദ്രനാഥ് പാണ്ഡെ, അജയ് താംത തുടങ്ങിയവര്‍ക്ക് വീടു ലഭിച്ചിട്ടില്ല. അതോടൊപ്പം സ്ഥാനം ഒഴിഞ്ഞിട്ടും മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറെപ്പോലുള്ളവരും ബംഗ്ലാവ് കൈയടക്കി വച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it