Kottayam Local

സര്‍ക്കാര്‍ തന്നെ കടകളില്‍ റേഷന്‍ നേരിട്ടെത്തിക്കുന്ന പദ്ധതി നടപ്പായില്ല



എരുമേലി: റേഷന്‍ സാധനങ്ങള്‍ സര്‍ക്കാര്‍ തന്നെ നേരിട്ട് കടകളിലെത്തിച്ചു നല്‍കുന്ന പദ്ധതി മെയ് ഒന്നിന് ആരംഭിക്കുമെന്ന പ്രഖ്യാപനം ജില്ലയിലും പാഴ്‌വാക്കായി. മൊത്ത വിതരണക്കാരെ പൂര്‍ണമായി ഒഴിവാക്കി റേഷന്‍ സാധനങ്ങള്‍ സര്‍ക്കാരിന്റെ സ്വന്തം കേന്ദ്രങ്ങളില്‍ സംഭരിച്ച് റേഷന്‍ കടകളില്‍ നേരിട്ടെത്തിച്ച് വിതരണം ചെയ്യുന്നതാണു പദ്ധതി. കാര്‍ഡ് ഉടമകള്‍ വിരലടയാളം പതിച്ചാണ് സാധനങ്ങള്‍ കൈപ്പറ്റേണ്ടത്. റേഷന്‍ കടകള്‍ക്കു നല്‍കേണ്ട സാധനങ്ങല്‍ മൊത്ത വിതരണക്കാര്‍ മറിച്ചു വില്‍ക്കുന്നെന്നും റേഷന്‍ കടയുടമകള്‍ കാര്‍ഡ് ഉടമകളെ കബളിപ്പിച്ച് മറിച്ചുവില്‍ക്കുന്നെന്നുമുള്ള പരാതികള്‍ ഒഴിവാക്കുന്നതിനായാണ് പുതിയ പദ്ധതി. എന്നാല്‍ സാധനം വിതരണം ചെയ്യുന്നതിന്റെ വാഹന വാടകയെ ചൊല്ലിയുള്ള തര്‍ക്കമാണ് ജില്ലയില്‍ പദ്ധതി ആരംഭിക്കാന്‍ താമസം നേരിട്ടിരിക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ നിലവിലുള്ള 138 റേഷന്‍ കടകള്‍ക്കായി നാലു മൊത്ത വിതരണ കേന്ദ്രങ്ങളാണ് ഉള്ളത്. ഇവയെ ഒഴിവാക്കി പൊന്‍കുന്നത്തുള്ള സംസ്ഥാന വേര്‍ ഹൗസിങ് കോര്‍പറേഷന്റെ ഗോഡൗണിലാണ് ഇപ്പോള്‍ റേഷന്‍ സാധനങ്ങള്‍ സംഭരിച്ചിട്ടുള്ളത്. വാഹനവാടകയുടെ തര്‍ക്കതത്തില്‍ വിതരണം നീളുന്നതിനാല്‍ ഈ ഗോഡൗണില്‍ സാധനങ്ങള്‍ കെട്ടിക്കിടക്കുകയാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളിലും, വാഹന വാടക പ്രശ്‌നത്തില്‍ വാതില്‍ പടിയില്‍ റേഷന്‍ എത്തിക്കുന്ന പദ്ധതി ആരംഭിക്കാനായിട്ടില്ല. രണ്ട് ജില്ലകളിലും 50ഓളം മൊത്ത വിതരക്കാരാണ് ഒറ്റയടിക്ക് ഒഴിവാക്കപ്പെട്ടത്. ഇവരില്‍ നിന്നെല്ലാം ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതിന്റെ പ്രതിഫലനമായി സംസ്ഥാനമെമ്പാടും റേഷന്‍ കടകളെല്ലാം അടച്ച് ഉടമകള്‍ സമരം നടത്തിയിരുന്നു. പുതിയ പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ ഒരു പരിധിവരെ കരിഞ്ചന്തയും അഴിമതിയും പൂര്‍ണമായി ഒഴിവാകുമെങ്കിലും ഫലപ്രദമായി വിതരണം നടത്താന്‍ സംവിധാനമില്ലെന്നതാണു വാസ്തവം. റേഷന്‍ കാര്‍ഡുടമകള്‍ക്കു പുതിയ കാര്‍ഡ് നല്‍കാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല. തെറ്റുതിരുത്തല്‍ ഉടമകളെ ഏല്‍പ്പിച്ച് ഉടന്‍തന്നെ വിതരണം നടത്താനാണ് പുതിയ തീരുമാനം. വാതില്‍പടിയില്‍ റേഷന്‍ എത്തുന്നതും പുതിയ കാര്‍ഡ് ലഭിക്കുന്നതും ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായാണ്. എന്നാല്‍ ഈ നിയമ പ്രകാരം റേഷന്‍ കടയുടമകള്‍ക്ക് ഹോണറേറിയം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പ്രതിമാസം 7000 ത്തോളം രൂപ വാടക, ഇന്റര്‍നെറ്റ്, തുടങ്ങിയ ചാര്‍ജുകള്‍ ഉള്‍പ്പെടെ റേഷന്‍ കടയുടമകള്‍ക്ക് നല്‍കേണ്ടിവരുമ്പോള്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സര്‍ക്കാരിന് അധികബാധ്യതയായി വരുന്നത്.
Next Story

RELATED STORIES

Share it