Flash News

സര്‍ക്കാര്‍- ഡിജിപി പോരിന് ശമനമില്ല ; സെന്‍കുമാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി



തിരുവനന്തപുരം: കോടതി ഉത്തരവിലൂടെ ഡിജിപി പദവിയില്‍ തിരിച്ചെത്തിയ ടി പി സെന്‍കുമാറും സര്‍ക്കാരും തമ്മിലുള്ള പോര് ശമനമില്ലാതെ തുടരുന്നു. ഐജിയായിരിക്കുമ്പോള്‍ മുതല്‍ സെന്‍കുമാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന എഎസ്‌ഐ അനില്‍കുമാറിനെ സര്‍ക്കാര്‍ സ്ഥലംമാറ്റിയതാണ് ഏറ്റവും ഒടുവിലത്തേത്. സിറ്റി കമ്മീഷണര്‍ ഓഫിസിലേക്കാണ് അനില്‍കുമാറിനെ സ്ഥലംമാറ്റിയത്. എസ്‌ഐ തലത്തിലുള്ള പോലിസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സ്ഥലംമാറ്റുന്നത് അപൂര്‍വമാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് ആഭ്യന്തര സെക്രട്ടറി സുബ്രതാ ബിശ്വാസ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആസ്ഥാനത്തെ ജീവനക്കാരുടെ പരാതിപ്രകാരമാണ് സ്ഥലംമാറ്റിയതെന്നാണ് അറിയുന്നത്. അതേസമയം, തന്റെ സ്റ്റാഫംഗത്തെ താനറിയാതെ മാറ്റിയത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സെന്‍കുമാര്‍. ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ല.സെന്‍കുമാര്‍ പോലിസ്, ഇന്റലിജന്‍സ്, ജയില്‍, ഐഎംജി, കെടിഡിഎഫ്‌സി എന്നിവിടങ്ങളില്‍ ജോലിചെയ്തപ്പോഴെല്ലാം ഒപ്പമുണ്ടായിരുന്ന ഗണ്‍മാനാണ് അനില്‍കുമാര്‍. സുപ്രിംകോടതിയില്‍ കേസ് നടത്തിപ്പിനടക്കം സെന്‍കുമാറിനൊപ്പം അനിലും ഉണ്ടായിരുന്നു. സെന്‍കുമാറിനു വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായ അഡ്വ. ഹാരിസ് ബീരാനെ കെഎസ്ആര്‍ടിസി കേസ് വാദിക്കുന്നതില്‍നിന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മാറ്റിയിരുന്നു. സമാനമായ നടപടിയാണ് അനില്‍കുമാറിനെതിരേയും ഉണ്ടായത്. നേരത്തേ പോലിസ് ആസ്ഥാനത്തെ ജൂനിയര്‍ സൂപ്രണ്ടുമാരെ സ്ഥലംമാറ്റിയ സെന്‍കുമാറിന്റെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തിയിരുന്നു. ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീന, എന്‍ ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് സജീവ് ചന്ദ്രന്‍, എസ്എപിയിലെ സുരേഷ് കൃഷ്ണ എന്നിവരെ സ്ഥലംമാറ്റിയ സെന്‍കുമാറിന്റെ ഉത്തരവ് നടപ്പായിരുന്നില്ല. പോലിസ് ആസ്ഥാനത്ത് എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയും സംസ്ഥാന പോലിസ് മേധാവിയും തമ്മിലുള്ള ശീതസമരം പരിധിവിട്ടിരിക്കുകയാണ്. എഐജി വി ഗോപാലകൃഷ്ണന്‍, തന്റെ കോണ്‍ഫിഡന്‍ഷ്യല്‍ റിപോര്‍ട്ടിലെഴുതിയ തെറ്റായ പരാമര്‍ശത്തിനെതിരേ ടി പി സെന്‍കുമാറിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ സെന്‍കുമാറിനെ പ്രോസിക്യൂഷന്‍ ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്തു. ഇതില്‍ ചൊടിച്ചുനില്‍ക്കവെയാണ് ഗണ്‍മാനെ മാറ്റിയത്. പോലിസ് ആസ്ഥാനത്തെ ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ ലീവില്‍ പോയ സാഹചര്യത്തില്‍ എഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് ഈ ചുമതല കൂടി സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണ്. ഫലത്തില്‍ രഹസ്യവിഭാഗം ഉള്‍പ്പെടെ 37 സെക്ഷനുകളുടെയും ചുമതല തച്ചങ്കരിക്ക് ലഭിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാന പോലിസ് മേധാവി കാണുന്ന എല്ലാ ഫയലും കാണാനും എഡിജിപിക്ക് സാധിക്കും. സെന്‍കുമാര്‍ ഡിജിപിയായി തിരിച്ചെത്തുമെന്ന് ഉറപ്പായപ്പോഴാണ് പൊടുന്നനെ ടോമിന്‍ ജെ തച്ചങ്കരിയെ പോലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ എംഡി സ്ഥാനത്തുനിന്ന് പോലിസ് ആസ്ഥാനത്തെ എഡിജിപിയായി നിയമിച്ചത്. പോലിസ് മേധാവിക്ക് കൂച്ചുവിലങ്ങിടാനായിരുന്നു ഇത്. ഇതിന്റെ തുടര്‍ച്ചയാണ് എഎസ്‌ഐ അനില്‍കുമാറിന്റെ സ്ഥലംമാറ്റവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Next Story

RELATED STORIES

Share it