kasaragod local

സര്‍ക്കാര്‍ ഓഫിസുകളില്‍ ഉദ്യോഗസ്ഥരില്ല; ജനങ്ങള്‍ ദുരിതത്തില്‍

കാസര്‍കോട്: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതോടെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ ഉച്ചയ്ക്ക് ശേഷം ഉദ്യോഗസ്ഥരില്ലാത്തത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുന്നു.
വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തുന്നവര്‍ സ്ഥാപന മേധാവികളില്ലാത്തതിനാല്‍ തിരിച്ചുപോകേണ്ടിവരുന്നതായി പരാതിയുണ്ട്. ജില്ലാ കലക്ടറേറ്റില്‍ പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം സര്‍ക്കാര്‍ ഓഫിസുകളിലും പലപ്പോഴും നാഥനില്ലാത്ത അവസ്ഥയാണ്. അന്യജില്ലകളില്‍ നിന്നെത്തുന്ന ഉദ്യോഗസ്ഥര്‍ കൂട്ട അവധി എടുത്ത് മുങ്ങുന്നതും പതിവാണ്.
ഉച്ചയ്ക്ക് 3.15നുള്ള ട്രെയിനുകളില്‍ സ്ഥലം വിടുന്ന ഉദ്യോഗസ്ഥരും കുറവല്ല. ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്ന ഒരു യോഗത്തില്‍ കുടിവെള്ളവുമായി ബന്ധപ്പെട്ട പ്രൊജക്ട് ഈമാസം തന്നെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തയ്യാറാക്കി നല്‍കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ഈ നടപടി പ്രഹസനമാകുമെന്നാണ് ആശങ്ക.
ഉദ്യോഗസ്ഥര്‍ റിപോര്‍ട്ട് തന്നില്ലെങ്കില്‍ താന്‍ തന്നെ ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് റിപോര്‍ട്ട് തയ്യാറാക്കുമെന്ന് കലക്ടര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
പല താലൂക്ക് ഓഫിസുകളിലും ജീവനക്കാര്‍ നേരത്തെ മുങ്ങുന്ന തിരക്കിലാണ്. വില്ലേജ് ഓഫിസുകളില്‍ നികുതി പിരിച്ചെടുക്കാനെന്ന പേരിലാണ് ജീവനക്കാര്‍ മുങ്ങുന്നത്.
Next Story

RELATED STORIES

Share it