Flash News

സര്‍ക്കാര്‍ ആശുപത്രികളില്‍ സ്പീച്ച് തെറാപ്പി ഇല്ല ; ആരോഗ്യ വകുപ്പ് വിശദീകരണം നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍



തിരുവനന്തപുരം: ഓട്ടിസം, എഡിഎച്ച്ഡി, ഹൈപര്‍ ആക്റ്റിവിറ്റി തുടങ്ങിയ രോഗങ്ങള്‍ക്ക് നല്‍കിവരുന്ന സ്പീച്ച് തെറാപ്പി, ലേണേഴ്‌സ് തെറാപ്പി തുടങ്ങിയ ചികില്‍സാരീതികള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ആരോഗ്യ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയും ജൂലൈ 6ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങില്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളിലാണ് ഇത്തരം ചികില്‍സാരീതികള്‍ നിലവിലുള്ളതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹീം സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. സ്വകാര്യ ആശുപത്രികള്‍ രജിസ്‌ട്രേഷനായി 3000 രൂപയും ഒരു മണിക്കൂര്‍ തെറാപ്പിക്ക് 1000 മുതല്‍ 2000 രൂപയും ഈടാക്കുന്നുണ്ട്. അമിതമായ ഫീസ് വാങ്ങുകയും കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുകയും ചെയ്യുന്ന ആശുപത്രികളുമുണ്ട്. ഹൈപര്‍ ആക്റ്റിവിറ്റിയുള്ള കുട്ടിക്ക് സ്പീച്ച് തെറാപ്പിക്കായി കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രി കണ്‍സള്‍ട്ടേഷന്‍ ഫീസായി ഈടാക്കിയത് 3000 രൂപയാണെന്ന് പരാതിയില്‍ പറയുന്നു. മണിക്കൂറിന് 1000 രൂപ വീതം. സ്പീച്ച് തെറാപ്പിക്കായി പ്രവേശിപ്പിക്കപ്പെട്ട കുട്ടിയുടെ രണ്ട് പല്ലുകള്‍ പോയ സംഭവവും പരാതിയില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ മേഖലയില്‍ ഇത്തരം ആധുനിക ചികില്‍സാരീതികള്‍ ആരംഭിക്കാമെങ്കില്‍ സ്വകാര്യ മേഖലയിലെ കൊള്ളയടി അവസാനിപ്പിക്കാം. സ്വകാര്യ മേഖലയില്‍ വിവിധ തരം തെറാപ്പികള്‍ക്ക് ഈടാക്കുന്ന ഫീസുകള്‍ ഏകീകരിക്കണമെന്നും തെറാപ്പിയുടെ വീഡിയോ ദൃശ്യങ്ങള്‍ രക്ഷാകര്‍ത്താവിന് നല്‍കണമെന്നും പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it