സര്‍ക്കാര്‍ അതിഥിമന്ദിരങ്ങളുടെ ബ്രാന്‍ഡിങ് നടപടി തുടങ്ങി: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളില്‍ മികച്ച ഏകീകൃത സേവനം ഉറപ്പാക്കുന്നതിനായി അതിഥി മന്ദിരങ്ങള്‍ ബ്രാന്‍ഡ് ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തൈക്കാട് ഗസ്റ്റ്ഹൗസില്‍ നടന്ന ബ്രാന്‍ഡിങ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ സൈനേജ്, ലോഗോ, വൈഫൈ ഹോട്ട് സ്‌പോട്ട്, പിഒഎസ് മെഷീന്‍ ഉപയോഗിച്ച് പണമടയ്ക്കല്‍, മെനുകാര്‍ഡ്, ടേബിള്‍ മാറ്റ്, ഗസ്റ്റ് ഫോള്‍ഡര്‍, ലിനന്‍ എന്നിവ മന്ത്രി പ്രകാശനം ചെയ്തു.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, കാസര്‍കോട് ഗസ്റ്റ്ഹൗസുകളില്‍ വൈഫൈ ഹോട്ട് സ്‌പോട്ട് സ്ഥാപിച്ചിട്ടുണ്ട്. ബിഎസ്എന്‍എലുമായി ചേര്‍ന്നാണ് സംവിധാനം ഒരുക്കിയത്.
കന്യാകുമാരിയില്‍ നിലവിലെ 12 മുറിയുള്ള ഗസ്റ്റ് ഹൗസിന് പുറമെ 34 മുറികളോടു കൂടിയ യാത്രി നിവാസ് സര്‍ക്കാര്‍ വിഭാവനം ചെയ്തതായി മന്ത്രി പറഞ്ഞു. ഇതിനായി 17.60 കോടി രൂപയുടെ അനുമതി നല്‍കി.
ഗുരുവായൂരിലെ ഗസ്റ്റ്ഹൗസില്‍ ഇപ്പോള്‍ എട്ടു മുറികള്‍ മാത്രമാണുള്ളത്. ഇവിടെ 51 മുറികളുള്ള ഗസ്റ്റ്ഹൗസിന്റെ നിര്‍മാണം ഈ മാസം ആരംഭിക്കും. 22.45 കോടി രൂപയാണ് ചെലവ്. ശബരിമല, ഇടുക്കി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലും ഗസ്റ്റ്ഹൗസ്, യാത്രി നിവാസ് സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസില്‍ 28 കോടി രൂപ ചെലവില്‍ 42 മുറികളുള്ള പുതിയ ബ്‌ളോക്ക് നിര്‍മിക്കും. കോഴിക്കോട്, മൂന്നാര്‍, പൊന്‍മുടി ഗസ്റ്റ്ഹൗസുകളില്‍ പുതിയ ബ്‌ളോക്ക് നിര്‍മിക്കാനും തീരുമാനിച്ചിട്ടുണ്ട്. യാത്രി നിവാസുകളില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it