kozhikode local

സര്‍ക്കാരുകള്‍ക്ക് താക്കീതായി എസ്ഡിടിയു പ്രതിഷേധ ധര്‍ണ

കോഴിക്കോട്: ശബ്ദം നഷ്ടപ്പെട്ട തൊഴിലാളി സംഘടനകള്‍ അവകാശങ്ങള്‍ അടിയറവ് വയ്ക്കുകയും ചൂഷകര്‍ക്ക് അണികളെ ഒറ്റുകൊടുക്കുകയും ചെയ്യുന്ന ദയനീയ കാഴ്ചയാണ് നമ്മള്‍ ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നതെന്ന് എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു. കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് എസ്ഡിടിയു നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . അധികാര വര്‍ഗവും മുതലാളിത്തവും തൊഴിലാളിവിരുദ്ധ ചേരിയില്‍ ഐക്യപ്പെട്ടിരിക്കുന്നു. തൊഴില്‍ അവകാശവും സംരക്ഷണവും സേവന വ്യവസ്ഥകളും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. സ്വകാര്യവും സ്വതന്ത്ര്യവുമായ വ്യാപാര മേഖലകളില്‍ തൊഴില്‍ നിയമങ്ങള്‍ ബാധകമല്ലാതായിരിക്കുന്നു. സ്വയം തൊഴില്‍ സംരഭമായ ഓട്ടോ, ഗുഡ്‌സ്, ലോറി തുടങ്ങിയ മോട്ടോര്‍ വാഹന തൊഴിലാളികളുടെ അവസ്ഥ ഇന്ന് വളരെ ദയനീയമാണ്. ടാക്‌സും ഇന്‍ഷുറന്‍സും പോലിസ് പെറ്റികളും ഇന്ധന വില വര്‍ധനവും കാരണം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണിവര്‍- അദ്ദേഹം ചൂണ്ടികാട്ടി. വിദേശ ടോളുകള്‍ക്ക് യഥേഷ്ടം മല്‍സ്യ സമ്പത്ത് ചൂഷണം ചെയ്യുന്നതിനുള്ള അവസരം ഒരുക്കുകയുമാണ് സര്‍ക്കാരുകള്‍ ചെയ്യുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി ആരോപിച്ചു. ജില്ലാ പ്രസിഡന്റ് കബീര്‍ തിക്കോടി അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, എസ്ഡിടിയു ജില്ലാ ജനറല്‍ സെക്രട്ടറി ഫിര്‍ഷാദ് കമ്പിളിപ്പറമ്പ്, റാഫി പയ്യാനക്കല്‍, സിദ്ദീഖ് ഈര്‍പ്പോണ സംസാരിച്ചു.
Next Story

RELATED STORIES

Share it