kannur local

സര്‍ക്കാരിന്റെ ലക്ഷ്യം പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തത: മന്ത്രി കെ രാജു



മട്ടന്നൂര്‍: പാലുല്‍പാദനത്തില്‍ രണ്ടു വര്‍ഷം കൊണ്ട് സ്വയംപര്യാപ്തതയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നു മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. ഉരുവച്ചാലില്‍ ഗോവര്‍ധിനി സംഗമത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആവശ്യമുള്ളതിന്റെ 70 ശതമാനം മാത്രമാണ് കേരളത്തില്‍ പാലുല്‍പാദനം. ഒരു വര്‍ഷം കൊണ്ട് മുന്‍വര്‍ഷത്തേക്കാള്‍ 17 ശതമാനം വര്‍ധനവുണ്ടായി. അതിനാല്‍ ലക്ഷ്യം നിറവേറ്റാനാവുമെന്നാണ് പ്രതീക്ഷ. ഗള്‍ഫില്‍ നിന്ന് തിരിച്ചു വരുന്നവരുള്‍പ്പെടെയുള്ള യുവാക്കള്‍ ക്ഷീരകര്‍ഷക മേഖലയിലേക്ക് കടന്നുവരണം. ഇവര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യും. ഏറ്റവുമധികം അധ്വാനം ആവശ്യമുള്ള ക്ഷീരമേഖലയി ല്‍ കര്‍ഷകരുടെ അധ്വാനത്തിനനുസരിച്ച് പാലിന്റെ വില ഇനിയും ആയിട്ടില്ല. പാലിന് നല്ല വില സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യും. വില വര്‍ധനവിന്റെ ഏറിയ പങ്കും കര്‍ഷകന് ലഭിക്കാന്‍ മില്‍മയുമായി ധാരണയായിട്ടുണ്ട്. ക്ഷീരസംഘത്തില്‍ അളക്കുന്ന ഒരു ലിറ്റര്‍ പാലിന് ഒരു രൂപ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഒരു ലിറ്റര്‍ പാലിന് മൂന്ന് രൂപ വരെ സബ്‌സിഡി നല്‍കാനാവും. ഈ പദ്ധതിക്കായി തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതം നീക്കിവച്ചിട്ടുമുണ്ട്. ക്ഷീരകര്‍ഷകര്‍ക്ക് ഒരു ആശങ്കയും വേണ്ട. കന്നുകാലികള്‍ക്ക് രാത്രിയിലും വൈദ്യസഹായം ലഭ്യമാക്കാന്‍ ഒരു ബ്ലോക്കില്‍ ഒരു ഡോക്ടര്‍ വീതം 95 ബ്ലോക്കുകളില്‍ നിയമിക്കും. കുടുംബശ്രീയുടെ ഒരു യൂനിറ്റിന് ഒരു ദിവസം പ്രായമുള്ള ആയിരം കോഴിക്കുഞ്ഞുങ്ങളെ നല്‍കുന്ന പദ്ധതി നടപ്പാക്കും. 45 ദിവസം വളര്‍ത്തി അതിന്റെ വില നല്‍കി തിരിച്ചെടുക്കും. ഇത് മാംസമാക്കി വില്‍പന നടത്താനാണ് പദ്ധതി. ജില്ലയിലെ എല്ലാ വെറ്ററിനറി ഹോസ്പിറ്റലുകളിലും ഡോക്ടര്‍മാരെ നിയമിക്കാനുള്ള ഉത്തരവില്‍ ഒപ്പുവച്ചതായും മന്ത്രി പറഞ്ഞു.  ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്കുള്ള ദുരിതാശ്വാസ ഫണ്ട് വിതരണവും മന്ത്രി നിര്‍വഹിച്ചു. 132 കര്‍ഷകര്‍ക്കായി 18,61,450 രൂപയാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദുരിതാശ്വാസം നല്‍കുന്നത് കണ്ണൂരിലാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. 45-60 ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ ഒരാള്‍ക്ക് 10 എണ്ണം വീതമാണ് വിതരണം ചെയ്യുന്നത്. 71 പഞ്ചായത്തുകളിലായി 400 ഗുണഭോക്താക്കളാണ് പദ്ധതിക്കുള്ളത്. ക്ഷീരകര്‍ഷക അവാര്‍ഡ് വിതരണവും നിര്‍വഹിച്ചു. ജില്ലയിലെ ഏറ്റവും മികച്ച ക്ഷീരകര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട ടി എം രജീന്ദ്രനും മികച്ച സമ്മിശ്ര കര്‍ഷകന്‍ നാറാത്തെ കെ പി കമറുദ്ദീനും മന്ത്രി അവാര്‍ഡ് നല്‍കി. സംഗമ ഭാഗമായി നടത്തിയ കറവപ്പശു പ്രദര്‍ശനത്തില്‍ കെ അശോകന്‍, കിടാരി പ്രദര്‍ശനത്തില്‍ കെ സുരേന്ദ്രന്‍, കന്നുകുട്ടി പ്രദര്‍ശനത്തില്‍ രോഹിണി കരുവന്‍ചാല്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. ടി എം രജീന്ദ്രന് കറവപ്പശു യന്ത്രവും സമ്മാനിച്ചു. മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ അനിത വേണു അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍ എന്‍ ശശി പദ്ധതി വിശദീകരിച്ചു. മട്ടന്നൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു, കൗണ്‍സിലര്‍മാരായ എം മിനി, പി പ്രസീന, എ കെ സുരേഷ് കുമാര്‍, ഉരുവച്ചാല്‍ ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റ് എം നാണു, മരുതായി ക്ഷീരോല്‍പ്പാദക സഹകരണ സംഘം പ്രസിഡന്റ് കിണ്ട്യന്‍ ഭാസ്‌കരന്‍, പഴശ്ശി നഗര്‍ ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റ് ഇ കുഞ്ഞിരാമന്‍, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. സി കെ ഖലീല്‍, ഡോ. വി ഗോപകുമാര്‍, ഡോ. ആര്‍ രാജന്‍, ഡോ. അയ്യൂബ്, ഡോ. രാമ അറുമുഖം, ഡോ. ടി വി ഉണ്ണികൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it