സരിതയുടെ മൊഴി: ആരോപണ വിധേയനായ മജിസ്‌ട്രേറ്റിന് സ്ഥാനക്കയറ്റം

കൊച്ചി: സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയില്ലെന്ന ആരോപണമുയര്‍ന്ന മജിസ്‌ട്രേറ്റിന് സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനം. മൊഴി രേഖപ്പെടുത്തിയില്ലെന്ന പരാതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍ വി രാജുവിനെതിരായ നടപടികള്‍ അവസാനിപ്പിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കാനാണ് തീരുമാനം.
ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ ഉള്‍പ്പെടെ എല്ലാ ജഡ്ജിമാരും പങ്കെടുത്ത ഹൈക്കോടതിയുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.2013 ജൂലൈ 20നാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ സോളാര്‍ കേസില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് രഹസ്യമൊഴി നല്‍കാനുണ്ടെന്ന് സരിത മജിസ്‌ട്രേറ്റ് എന്‍ വി രാജുവിനെ അറിയിച്ചത്. എന്നാല്‍, ഇത് രേഖപ്പെടുത്താതെ പറയാനുള്ളത് എഴുതി നല്‍കാനാണ് അദ്ദേഹം നിര്‍ദേശിച്ചത്.
ഈ നടപടിക്കെതിരേ അഡ്വ. ജയശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി വിജിലന്‍സ് അന്വേഷണം നടത്തി രജിസ്ട്രാര്‍ക്ക് റിപോര്‍ട്ട് നല്‍കി. ഇതോടൊപ്പം മജിസ്‌ട്രേറ്റ് രാജുവില്‍ നിന്ന് വിശദീകരണവും തേടി.
ഇതിനിടെ കഴിഞ്ഞ ഏപ്രില്‍ 17ന് ജില്ലാ ജഡ്ജിമാരായി പ്രൊമോഷന്‍ ലഭിക്കേണ്ട 18 ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ പട്ടികയില്‍നിന്ന് എന്‍ വി രാജുവിനെ ഹൈക്കോടതി ഒഴിവാക്കിയിരുന്നു. പിന്നീട് കഴിഞ്ഞ ജൂലൈ 15ന് രാജു നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് വിലയിരുത്തി അദ്ദേഹത്തിനെതിരായ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. ഈ സാഹചര്യത്തിലാണ് സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനമായത്.
Next Story

RELATED STORIES

Share it