സമ്മാനത്തുക നല്‍കാന്‍ തയ്യാറാവണം: തോമസ് മാഷ്

കേരള കായികരംഗത്തെ ദ്രോണാചാര്യരെന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരേയൊരു പരിശീലകന്‍ മാത്രമേയുള്ളൂ നമുക്ക്. അത് മലയാളികള്‍ തോമസ് മാഷെന്നു സ്‌നേഹത്തോടെ വിളിക്കുന്ന കെ പി തോമസാണ്. തുടര്‍ച്ചയായി 16 തവണ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കോരുത്തോട് സി കെ എം സ്‌കൂളിനെ ചാംപ്യന്‍പട്ടത്തിലേക്കു നയിച്ച പരിശീലകനാണ് ഇദ്ദേഹം. അഞ്ജു ബോബി ജോര്‍ജ്, ജോസഫ് എബ്രഹാം, മോളി ചാക്കോ, ജിന്‍സി ഫിലിപ്പ്, സി എസ് മുരളീധരന്‍ തുടങ്ങി നിരവധി ലോകോത്തര അത്‌ലറ്റുകളെ രാജ്യത്തിനു സമ്മാനിച്ചത് ഇദ്ദേഹമാണ്. ദ്രോണാചാര്യ പുരസ്‌കാരം നല്‍കി രാജ്യം തോമസ് മാഷിനെ ആദരിക്കുകയും ചെയിതിട്ടുണ്ട്. മേളയെക്കുറിച്ച് അദ്ദേഹം തേജസിനായി വിലയിരുത്തുന്നു


കോഴിക്കോട്: കഴിഞ്ഞ എട്ടു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന കായികമേളയിലെ വിജയികള്‍ക്കുള്ള പ്രൈസ് മണി ഇത്തവണ മുതലെങ്കിലും നല്‍കണമെന്ന ആവശ്യമാണ് തോമസ് മാഷ് മുന്നോട്ടുവച്ചത്. 2007ലെ മീറ്റില്‍ ഒന്നാംസ്ഥാനം നേടുന്ന അത്‌ലറ്റിന് 300 രൂപ, രണ്ടാമതെത്തുന്ന താരത്തിന് 200, മൂന്നാമതെത്തുന്ന താരത്തിന് 100 എന്നിങ്ങനെയാണ് പ്രൈസ്മണിയായി നല്‍കിയിരുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇതു മുടങ്ങി. സര്‍ക്കാരുകള്‍ മാറിമാറി വന്നെങ്കിലും പ്രൈസ്മണിയുടെ കാര്യത്തില്‍ തീരുമാനമായില്ല. തീരെ ചെറിയ തുകയാണ് ഇതെങ്കില്‍പ്പോലും അത്‌ലറ്റുകള്‍ക്ക് ചെറിയൊരു ആശ്വാസമായിരുന്നു. സമ്മാനത്തുക സംസ്ഥാന മീറ്റില്‍ത്തന്നെ നല്‍കണമെന്നില്ല.
ജില്ലാ തലത്തിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കു നല്‍കിയാലും മതി. മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക് മികച്ചതാണ്. പുതുതായി നിര്‍മിച്ച ട്രാക്കിന്റെ ആനുകൂല്യം മുഴുവനും ലഭിക്കുന്നതു താരങ്ങള്‍ക്കാണ്. കാലാവസ്ഥയും അനുകൂലമായതിനാല്‍ മികച്ച പ്രകടനം തന്നെ താരങ്ങള്‍ക്കു കാഴ്ചവയ്ക്കാന്‍ കഴിയും.
ദേശീയ സ്‌കൂള്‍ കായികമേള കേരളത്തിലേക്കു മടങ്ങിയെത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ മീറ്റില്‍ കേരളത്തിന്റെ കുത്തക തകര്‍ക്കാനുള്ള മറ്റു ചില സംസ്ഥാനങ്ങളുടെ നീക്കമാണ് പുതിയ വിവാദങ്ങള്‍ക്കു കാരണം. ആണ്‍കുട്ടികളും പെണ്‍കുട്ടികള്‍ക്കും വെവ്വേറേ മീറ്റ് നടത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നത് ഇതുകൊണ്ടാണ്. മഹാരാഷ്ട്ര, ഹരിയാന, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളാണ് ഈ ഗൂഢാലോചനയ്ക്കു പിറകില്‍. കേരളത്തിലെ വനിതാ ടീം മികച്ചതായതിനാല്‍ ദേശീയ മീറ്റിലും കിരീടസാധ്യത നമുക്കാണ്. അതിന് അനുവദിക്കാതിരിക്കാനാണ് ചില സംസ്ഥാനങ്ങള്‍ മീറ്റിനെ വിഭജിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല, രണ്ടു മീറ്റായി നടത്തിയാല്‍ അത് സംസ്ഥാനത്തിനും ഇരട്ടിച്ചെലവാണ്- തോമസ് മാഷ് ചൂണ്ടിക്കാട്ടി.
പ്രാദേശിക താരങ്ങളെ വളര്‍ത്തിക്കൊണ്ടു വന്ന് ജില്ലയ്ക്ക് നേട്ടമുണ്ടാക്കിക്കൊടുക്കാനാണ് എന്റെ ശ്രമം. പെട്ടെന്നുള്ള ഒരു റിസല്‍റ്റ് ഇതില്‍ പ്രതീക്ഷിക്കേണ്ട. മെല്ലെമെല്ലെയുള്ള വളര്‍ച്ചയാണ് താന്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ടു തന്നെ മറ്റു ജില്ലകളില്‍ നിന്നുള്ള അത്‌ലറ്റുകളെ താന്‍ പരിശീലിപ്പിക്കുന്ന ഇടുക്കി വണ്ണപ്പുറം എസ്എന്‍വിഎച്ച്എസിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടില്ലെന്നും തോമസ് മാഷ് പറഞ്ഞു.
Next Story

RELATED STORIES

Share it