ernakulam local

സമൂഹത്തെ പുതുക്കിപ്പണിയുന്നതില്‍ കേരള നിയമസഭ വഹിച്ച പങ്ക് നിസ്തുലം: എസ് ശര്‍മ



കൊച്ചി: സമൂഹത്തെ പുതുക്കിപ്പണിയുന്നതില്‍ കേരള നിയമസഭ വഹിച്ച പങ്ക് നിസ്തുലമാണെന്ന് എസ് ശര്‍മ എംഎല്‍എ പറഞ്ഞു. പുരോഗതിയിലേക്കുള്ള മാറ്റത്തിന് തടസ്സം നില്‍ക്കുന്ന സാമൂഹ്യതിന്‍മകളെ നിയമംകൊണ്ട് നിലയ്ക്കു നിര്‍ത്താന്‍ കേരളത്തിലെ മാറിമാറിവന്ന നിയമനിര്‍മാണസഭയിലെ അംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നിയമസഭയുടെ വജ്രജൂബിലിയോടനുബന്ധിച്ച് ജില്ലയിലെ ആഘോഷപരിപാടികള്‍ മഹാരാജാസ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭാ സെക്രട്ടേറിയറ്റിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 6,7 തിയ്യതികളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പണ്ഡിറ്റ് കറുപ്പന്‍, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയ നവോത്ഥാന നായകന്‍മാരുടെ സാന്നിധ്യവും ചിന്താധാരയും സംസ്ഥാനത്തെ നിയമസഭയെ പ്രോജ്വലമാക്കിത്തീര്‍ത്തിട്ടുണ്ട്. നവോത്ഥാനനായകര്‍ ആഗ്രഹിച്ചതുപോലെ സമൂഹത്തെ മാറ്റിമറിക്കുന്ന നിയമങ്ങള്‍ കൊണ്ടുവരാന്‍ മാറിമാറി വന്ന നിയമനിര്‍മാണസഭകള്‍ക്ക്് കഴിഞ്ഞിട്ടുണ്ട്. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ പരിഷ്‌കരണം, അധികാര വികേന്ദ്രീകരണം, സമ്പൂര്‍ണ സാക്ഷരത, ആരോഗ്യരംഗം, സ്ത്രീശാക്തീകരണം സഹകരണ മേഖല തുടങ്ങിയ രംഗങ്ങളില്‍ മഹത്തായ നേട്ടങ്ങള്‍ കൊണ്ടുവരാന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആയിട്ടുണ്ടെന്നും എസ് ശര്‍മ എംഎല്‍എ പറഞ്ഞു. ജില്ലയിലെ മണ്‍മറഞ്ഞുപോയ 86 മുന്‍നിയമസഭാ സാമാജികര്‍ക്ക് പ്രഫ. എം കെ സാനു സ്മരണാഞ്ജലി അര്‍പ്പിച്ചു. ഉല്‍പതിഷ്ണുത്വത്തോടുകൂടി പ്രവര്‍ത്തിച്ച നിയമസഭയാണ് കേരള നിയമസഭ എന്ന് അദ്ദേഹം പറഞ്ഞു. മാറ്റത്തിലേക്ക് ചുവടുവയ്ക്കാന്‍ പഴയ കൊച്ചി, തിരുവിതാംകൂര്‍, തിരു-കൊച്ചി നിയമസഭകളടക്കം സംഭാവന നല്‍കിയിട്ടുണ്ട്. പണ്ഡിറ്റ് കെ പി കറുപ്പന്‍, സഹോദരന്‍ അയ്യപ്പന്‍, മത്തായി മാഞ്ഞൂരാന്‍ തുടങ്ങി സാമൂഹ്യ പരിവര്‍ത്തനത്തിന് നിസ്തുലമായ സംഭാവനകള്‍ നല്‍കിയ നിയമസഭാംഗങ്ങളെ അദ്ദേഹം അനുസ്മരിച്ചു.ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.  1888 ല്‍ തിരുവിതാംകൂറില്‍ നിലവില്‍ വന്ന സഭ മുതല്‍ ഇന്നു വരെയുള്ള സംസ്ഥാനത്തെ നിയമനിര്‍മാണ സഭകള്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ക്കും സമൂഹ്യക്ഷേമത്തില്‍ അധിഷ്ഠിതമായ പ്രധാന നിയമനിര്‍മാണങ്ങളും സാക്ഷിയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.മുന്‍ നിയമസഭാ സാമാജികരായ പി പി തങ്കച്ചന്‍, സൈമണ്‍ ബ്രിട്ടോ, എം എ ചന്ദ്രശേഖരന്‍, കെ മുഹമ്മദലി, സി എം ദിനേശ്മണി, ബാബുപോള്‍, ഡൊമിനിക് പ്രസന്റേഷന്‍, എം ജെ ജേക്കബ്, ജോസ് തെറ്റയില്‍, പി സി ജോസഫ്, പിജെ ജോയ്, ലൂഡി ലൂയിസ്, വി ജെ പൗലോസ്, പി രാജു, സാജു പോള്‍,  സെബാസ്റ്റ്യന്‍ പോള്‍, എം പി  വര്‍ഗീസ്, എ എം യൂസഫ്, പ്രഫ. എം കെ സാനു, എം വി മാണി, എ വി ഐസക്, പ്രഫ. കെ വി തോമസ് തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.
Next Story

RELATED STORIES

Share it