Ramadan Special

സമീപസ്ഥനായ അല്ലാഹുവിനെ അറിയുക

സമീപസ്ഥനായ അല്ലാഹുവിനെ അറിയുക
X
IMTHIHAN-SLUG-smallവിശുദ്ധ ഖുര്‍ആനില്‍ റമദാന്‍ മാസത്തിലെ നോമ്പ് നിര്‍ബന്ധമാക്കിയ കല്‍പനക്കു തൊട്ടു പിറകെ അല്ലാഹു പറയുന്നു :
' താങ്കളോട് എന്റെ അടിമകള്‍ എന്നെപ്പറ്റി ചോദിച്ചാല്‍ (പറയുക) ഞാന്‍ അവര്‍ക്ക് (ഏറ്റവും) സമീപസ്ഥനാകുന്നു” (അല്‍ ബഖറ-186).
 സര്‍വ്വ ശക്തനും ജഗന്നിയന്താവുമായ അല്ലാഹുവിന്റെ സാമീപ്യമുണ്ടെങ്കില്‍ മറ്റെന്തിനെയാണ് വിശ്വാസികള്‍ ഭയപ്പെടേണ്ടത്. എന്നാല്‍ ഏറ്റവും സമീപസ്ഥനായിരുന്നിട്ടും അല്ലാഹുവിന്റെ സാമീപ്യം നമ്മള്‍ക്കു വേണ്ട വിധം അനുഭവിക്കാനാവുന്നുണ്ടോ.  ഇല്ലെങ്കില്‍ എന്തു കൊണ്ട്? എങ്ങനെയാണ് അല്ലാഹുവിന്റെ സാമീപ്യം  അനുഭവഭേദ്യമാകുന്നത് ?

 സാധാരണ ഗതിയില്‍ അദൃശ്യമായ ഒരു വസ്തു/ ശക്തി, അതിന്റെ സാന്നിധ്യം നാം തിരിച്ചറിയുന്നത് ആ ശക്തിയുടെ കഴിവുകള്‍ അഥവാ ഗുണവിശേഷങ്ങള്‍ നമ്മള്‍ തിരിച്ചറിയുമ്പോഴാണല്ലോ. അപ്പോള്‍ അല്ലാഹുവിനെ അറിയേണ്ട വിധം അറിയാത്തതാണ് നമ്മുടെ പ്രശ്‌നം.

യഥാര്‍ത്ഥത്തില്‍  അറിവിന്റെ മഹത്വം അറിയപ്പെട്ടതിന്റെ മഹത്വത്തിലാണ്. അറിയപ്പെട്ടതില്‍ ഏറ്റവും മഹത്തരമായത് സൃഷ്ടികര്‍ത്താവാണ്. അഥവാ അറിവുകളില്‍ വെച്ചേറ്റവും ഉത്തമമായത് അല്ലാഹുവിനെക്കുറിച്ച അറിവാണ്. അതിനാല്‍ അവനെക്കുറിച്ച അറിവ് വിജ്ഞാനങ്ങളില്‍ ഏറ്റവും ഉത്തമമത്രെ'.    ഒരു വസ്തുവിനെ/ശക്തിയെ മറ്റുളളവയില്‍ നിന്ന് വേര്‍തിരിച്ചറിയുന്നതിനു വേണ്ടിയാണല്ലോ നാം നാമങ്ങള്‍ ഉപയോഗിക്കുന്നത്. സാധാരണ ഗതിയില്‍ മറ്റുളളവരാണല്ലോ നമുക്ക് പേര്‍ വിളിക്കുന്നത്. എന്നാല്‍ പ്രപഞ്ച നാഥനായ അല്ലാഹുവിന് അവന്റെ മഹത്വത്തിനും സ്ഥാനത്തിനും യോജിച്ച പേര്‍ വിളിക്കാനോ വിശേഷണങ്ങള്‍ ചാര്‍ത്താനോ മനുഷ്യബുദ്ധി പര്യാപ്തമല്ല. അതിനാല്‍ അല്ലാഹുവിന്റെ ഗുണഗണങ്ങളും സവിശേഷതകളും മനുഷ്യരായ നാം യഥാവിധി ഉള്‍ക്കൊളളുന്നതിനായി അവന്‍ തന്നെ നമുക്ക് അറിയിച്ചു തന്നിരിക്കുന്ന  അല്ലാഹുവിന്റെ ,മഹത്വമേറിയ സുന്ദര നാമങ്ങളാണ് അസ്മാഹുല്‍ ഹുസ്‌നാ(മഹത്വമേറിയ/സുന്ദര നാമങ്ങള്‍).

 ന്യൂനതയുടെ യാതൊരു അവസ്ഥയുമില്ലാത്ത വിധം എല്ലാ നിലക്കും പരിപൂര്‍ണതയുളളവയാണ് ആ നാമങ്ങള്‍. അല്ലാഹു അറിയിച്ചുതന്നതല്ലാത്ത നാമങ്ങള്‍ അവന്റെ പേരില്‍ ആരോപിക്കുന്നത് നിഷിദ്ധവും കുറ്റകരവുമാകുന്നു.

 'അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട് അതിനാല്‍ ആ പേരുകള്‍ കൊണ്ട് അവനെ നിങ്ങള്‍ വിളിച്ചു കൊളളുക,അവന്റെ പേരുകളില്‍ കൃതിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്റെ പ്രതിഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും”( അല്‍ അഅ്‌റാഫ് 180).
അല്ലാഹുവിന്റെ ഓരോ നാമങ്ങളും അവന്റെ സമ്പൂര്‍ണതയുടെ വിശേഷത്തെയാണ് അറിയിക്കുന്നത്. പലപ്പോഴും അല്ലാഹു തന്റെ ഒരു നാമത്തോട്/വിശേഷണത്തോട് മറ്റൊന്നിനെക്കൂടി ചേര്‍ത്തു പറയാറുണ്ട്. അപ്പോള്‍ സമ്പൂര്‍ണതയുടെ ഒരു വിശേഷണത്തിലേക്ക് മറ്റൊന്നു കൂടി ചേര്‍ന്ന് സമ്പൂര്‍ണമായ മറ്റൊരു വിശേഷണം കൂടി ഉരുത്തിരിയുന്നു.

അസ്മാഹുല്‍ ഹുസ്‌നായുടെ തീരത്തു കൂടി ഒരു തീര്‍ത്ഥ യാത്ര.

ആരാണ് അല്ലാഹു?

പ്രപഞ്ചത്തിലെ സകല ചരാചരങ്ങളുടെയും സൃഷ്ടാവും പരിപാലകനും നിയന്താവും രക്ഷിതാവും സംരക്ഷകനുമായ ഏകനായ യഥാര്‍ത്ഥ ദൈവത്തെക്കുറിക്കുന്ന സംജ്ഞാനാമമാകുന്നു അല്ലാഹു. അല്ലാഹു തന്നെക്കുറിച്ച് സ്വയം വിളംബരം ചെയ്യുന്നു.
'ഞാന്‍ അല്ലാഹുവാകുന്നു,ഞാനല്ലാതെ മറ്റൊരാധ്യനില്ല, അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍, എന്റെ സ്മരണ നിലനിര്‍ത്തുവാന്‍ നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുവിന്‍.(ത്വാഹാ 14).
മഹത്വമേറിയവനും യഥാര്‍ത്ഥ ആരാധ്യനുമായവന്റെ അതിസുന്ദരവും അതിമഹത്വവുമായ നാമം. സാക്ഷാല്‍ ആരാധ്യന്‍, അഥവാ ഹൃദയങ്ങള്‍ ഭയക്കുകയും മനസുകള്‍ ആഗ്രഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവന്‍. അവനെക്കുറിച്ച സ്മരണയും അവനോടുളള കൃതജ്ഞതാ ബോധവും അല്ലാഹുവിനോട് അടിമകള്‍ക്കും തിരിച്ചും അനുരാഗവും ഇണക്കവും സൃഷ്ടിക്കുന്നു.

asmaul-husna-600

അല്ലാഹുവിന്റെ ഗുണഗണങ്ങളെ മൊത്തത്തില്‍ അറിയിക്കുന്ന നാമമാണ് അല്ലാഹു. അവന്റെ  ദിവ്യത്വത്തിന്റെ വിശേഷണങ്ങള്‍ക്കുളള വിവരണവും വിളംബരവുമാണ് അവന്റെ മറ്റു നാമങ്ങളിലൂടെ അഥവാ അസ്മാഉല്‍ ഹുസ്‌നായിലൂടെ വെളിവാകുന്നത്. പ്രപഞ്ചത്തിലെ മുഴുവന്‍ ചരാചരങ്ങളെയും സൃഷ്ട്ടിക്കുകയും പരിപാലിക്കുകയും ഉടമപ്പെടുത്തുകയും നിയന്ത്രിക്കുകയും കൈകാര്യകര്‍തൃത്വം നിര്‍വഹിക്കുകയും ചെയ്യുന്ന പ്രപഞ്ചത്തിന്റെ രക്ഷാധികാരിയാണ് അല്ലാഹു. അതിനാല്‍  അല്ലാഹു സ്വയം തന്നെ  റബ്ബ് എന്നു വിശേഷിപ്പിക്കുന്നു. സൃഷ്ടികളോട് അല്ലാഹു തന്നെ ആരാധിക്കുവാന്‍ ആവശ്യപ്പെടുന്നതിന്റെ ന്യായമായി പറയുന്നത് അവന്‍ റബ്ബാണ് എന്നതാണ്.'

“ ഞാന്‍ നിങ്ങളുടെ റബ്ബാകുന്നു. അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍.” (അല്‍ അബിയാഅ് 92)

കഴിവുറ്റവനും സ്രഷ്ടാവും നിര്‍മാതാവും രൂപം നല്‍കുന്നവും എല്ലാം നിയന്ത്രിക്കുന്നവനും സസൂക്ഷ്മം അറിയുന്നവനും കേള്‍ക്കുന്നവനും കാണുന്നവനും സുകൃതവാനും അനുഗ്രഹദാതാവും ഔദാര്യവാനും നല്‍കുന്നവനും തടയുന്നവനും ഉപകാരോപദ്രവം ഉടമപ്പെടുത്തിയവനും മുന്തിപ്പിക്കുന്നവനും പിന്തിപ്പിക്കുന്നവനും താന്‍ ഉദ്ദേശിക്കുന്നവന് സൗഭാഗ്യമരുളുകയും താന്‍ ഉദ്ദേശിക്കുന്നവനെ ദൗര്‍ഭാഗ്യവാനാക്കുകയും ചെയ്യുന്നവനും താന്‍ ഉദ്ദേശിക്കുന്നവനെ പ്രതാപവാനാക്കുകയും ഉദ്ദേശിക്കുന്നവനെ നിന്ദ്യനാക്കുകയും ചെയ്യുന്നവനുമാണ് റബ്ബ്.

ഏകനായ അല്ലാഹു മാത്രമാണ് റബ്ബ് എന്നതിനാല്‍ അവന്‍ മാത്രമാണ് ആരാധ്യനും അഥവാ ഇലാഹും. “അല്ലാഹുവിനോടൊപ്പം വേറെ യാതൊരു ഇലാഹിനെയും നീ ആരാധിക്കരുത്.അവനല്ലാതെ യാതൊരു ഇലാഹുമില്ല. അവന്റെ സത്ത ഒഴിച്ചുളള സകല വസ്തുക്കളും നശിക്കുന്നതാകുന്നു. അവന്റേത് മാത്രമാകുന്നു ശാസനാധികാരം”(അല്‍ ഖസസ് 88).

ആരാധിക്കപ്പെടുന്നവനും ആരാധിക്കുന്നവനെ സൃഷ്ടിച്ചവനും ഉപജീവനം നല്‍കുന്നവനും നിയന്ത്രിക്കുന്നവനും അതിനെല്ലാം കഴിവുളളവനും മാത്രമേ ഇലാഹ് ആവുകയുളളൂ. ഇപ്രകാരം സൃഷ്ടിച്ചും പരിപാലിച്ചും ഉപജീവനത്തിനുളള വിശാലമായ ഉപാധികള്‍ നിശ്ചയിച്ചും മുഴുവന്‍ സൃഷ്്ടിജാലങ്ങളോടും അല്ലാഹു കരുണ ചെയ്തിരിക്കുന്നു.

ഈ ലോകത്ത്  തനിക്ക്, കീഴ്‌വണങ്ങുന്നവനെന്നോ അല്ലാത്തവനെന്നോ ഭേദമില്ലാതെ കാരുണ്യം വര്‍ഷിക്കുന്ന തന്നെ അല്ലാഹു അര്‍റഹമാനായി നമുക്ക് പരിചയപ്പെടുത്തുന്നു. അല്ലാഹു പറയുന്നു :

'പ്രവാചകരേ താങ്കള്‍ പറയുക,നിങ്ങള്‍ അല്ലാഹു എന്നു വിളിച്ചു കൊളളുക, അല്ലെങ്കില്‍ റഹ്മാന്‍ എന്നു വിളിച്ചു കൊളളുക. ഏതുതന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും ഉല്‍കൃഷ്ടനാമങ്ങള്‍ അവനുളളതാകുന്നു(അല്‍ ഇസറാഅ് 110).എന്നാല്‍ പാരത്രിക ലോകത്ത് അവന്റെ കാരുണ്യം വിശ്വാസികള്‍ക്കു മാത്രമുളളതാണ്. തന്റെ കാരുണ്യത്തെക്കുറിച്ച് അല്ലാഹു പറയുന്നു:'എന്റെ കാരുണ്യം സകല വസ്തുക്കളെയും ചൂഴ്ന്നു നില്‍ക്കുന്നു.എന്നാല്‍ (പാരത്രിക ലോകത്ത്)'ധര്‍മ്മ നിഷ്ഠപാലിക്കുകയും സകാത്ത് നല്‍കുകയും,നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകള്‍ക്ക് (പ്രത്യേകമായി)നാം അത്(കാരുണ്യം) നിജപ്പെടുത്തുന്നതാണ് (അല്‍ അഅ്‌റാഫ് 106).

വിശ്വാസികളോടുളള തന്റെ പ്രത്യേകമായ കാരുണ്യത്തെ വിശേഷിപ്പിക്കുവാന്‍ അല്ലാഹു അര്‍റഹീം എന്ന വിശേഷണം സ്വയം സ്വീകരിക്കുന്നു. യാതൊന്നും പരാജയപ്പെടുത്തുകയോ അതിജയിക്കുയോ എന്തിന് ഒരു പോറല്‍ പോലുമോ ഏല്‍പിക്കാത്ത ശക്തവും അജയ്യവും പ്രതാപവാനുമായ ശക്തിയാണ് അല്ലാഹു. അക്കാരണത്താല്‍ അവന്‍ തന്നെ അല്‍ അസീസ് എന്നു വിശേഷിപ്പിക്കുന്നു. 'അവനല്ലാതെ ദൈവമില്ലെന്ന് അല്ലാഹു സ്വയം സാക്ഷ്യം വഹിച്ചിരിക്കുന്നു. അജയ്യനും യുക്തിമാനുമായ അവനല്ലാതെ സത്യത്തില്‍ ഒരു ദൈവവുമില്ലെന്ന് മലക്കുകളും ജ്ഞാനികളൊക്കെയും നീതിപൂര്‍വ്വം സാക്ഷ്യം വഹിച്ചിരിക്കുന്നു'( ആലു ഇംറാന്‍ 18). അല്ലാഹു താനും പ്രതാപവാനാണെന്നല്ല പ്രഖ്യാപിക്കുന്നത്. മറിച്ച് 'പ്രതാപം(ഇസ്സത്ത്) പൂര്‍ണമായും അവനു മാത്രമാകുന്നു എന്നാകുന്നു'( യൂനുസ് 65). സമസ്ത പ്രതാപങ്ങള്‍ക്കും അധിപനായ അല്ലാഹു അവന്റെ പ്രതാപങ്ങള്‍ക്കൊത്ത മഹത്വമുടയവനാണ്. അഥവാ അഹങ്കാരിയുമാണ്. ആ അഹങ്കാരത്തെ അവന്‍ അലങ്കാരമായി കണക്കാക്കുന്നു. അതിനാല്‍ അവന്‍ അല്‍ മുതകബ്ബിര്‍(അഹങ്കാരി,മഹോന്നതന്‍) എന്ന വിശേഷണത്തെ സ്വീകരിച്ചിരിക്കുന്നു.
സൂറത്തുല്‍ ഹശ്‌റില്‍ അല്ലാഹു പറയുന്നു: 'അവനാകുന്നു അല്ലാഹു. അവനല്ലാതെ യാതൊരു ഇലാഹുമില്ല. അവന്‍ രാജാവാകുന്നു. അതി പരിശുദ്ധനാകുന്നു. പരമ രക്ഷയാകുന്നു. അഭയദായകനാകുന്നു. സര്‍വ നിയന്താവാകുന്നു. എന്തിനെയും അതിജയിക്കുന്നവനാകുന്നു. സകലവും അടക്കിഭരിക്കുന്നവനാകുന്നു. മഹോന്നതനായി വാഴുന്നവനാകുന്നു. ജനങ്ങളാല്‍ ആരോപിക്കപ്പെടുന്ന പങ്കാളിത്തങ്ങളില്‍ നിന്നെല്ലാം പരിശുദ്ധനാണവന്‍ (സൂക്തം 23).

എന്നാല്‍ സമസ്ത ലോകത്തും ചോദ്യം ചെയ്യപ്പെടാത്ത സ്വേഛാനുസരണം ഉദ്ദേശിക്കുന്നതെന്തും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നവനെങ്കിലും അല്ലാഹു യുക്തിപൂര്‍വ്വം മാത്രമേ പ്രവര്‍ത്തിക്കുകയുളളൂ. വിശാലമായ പ്രപഞ്ചത്തിലെ ചെറുതും വലുതുമായ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ നടക്കുന്നത് അവന്റെ യുക്തിക്കനുസരിച്ചു മാത്രമാണ്. അതിനാല്‍ അല്ലാഹു യുക്തിമാനാണ്(ഹക്കീം).
'അവനാണ് അല്ലാഹു. സൃഷ്ടി പദ്ധതി ആവിഷ്‌കരിക്കുന്നവന്‍.അതു നടപ്പിലാക്കുന്നവന്‍,സമുചിതമായ ആകൃതിയേകുന്നവന്‍. അസ്മാഉല്‍ ഹുസ്‌നാ(വിശിഷ്ട നാമങ്ങള്‍)അവനുളളതാകുന്നു. ആകാശങ്ങളിലും ഭൂമിയിലുമുളള സകലമാന വസ്തുക്കളും അവനെ പ്രകീര്‍ത്തനം ചെയ്തു കൊണ്ടിരിക്കുന്നു. അവന്‍ പ്രതാപവാനും യുക്തിമാനുമാണ്. കാര്യങ്ങളെ ഭദ്രമാക്കുകയും കുറ്റമറ്റതാക്കുകയും വസ്തുക്കള്‍ വെക്കേണ്ടിടത്ത് ഒട്ടും തന്നെ കൂടുകയോ കുറയുകയോ ചെയ്യാതെ വെക്കേണ്ട രീതിയില്‍ സ്ഥാപിക്കുവനാണ് അവന്‍. ഹകീം ആകയാല്‍ അല്ലാഹു വിധി കല്‍പിക്കുന്നവനാകുന്നു.

അല്ലാഹു വിധിക്കുന്നു.അവന്റെ വിധിയെ തിരുത്താന്‍ മറ്റാരും തന്നെയില്ല (അറഅ്ദ് 41). അല്ലാഹു അത്യന്തം പ്രതാപവാനും എല്ലാറ്റിനും കഴിവുളളവനും ആയിരിക്കെത്തന്നെ വിശ്വാസികളെ സംബന്ധിച്ചേടത്തോളം ഏറെ ഇഷ്ടപ്പെട്ടവനും തങ്ങളുടെ ഹൃദയം നിറയെ സ്‌നേഹമുളളവനാണ്. സച്ചരിതരായ തന്റെ ദാസന്‍മാരെ ഇഷ്ടപ്പെടുകയും മനുഷ്യരും അല്ലാത്തവരുമായ സൃഷ്ടിജാലങ്ങളോട് ഇഷ്ടം ജനിപ്പിക്കുകയും ചെയ്യുന്നവനായ അവന്‍ അല്‍ വദൂദ് (സ്‌നേഹം ജനിപ്പിക്കുന്നവന്‍)ആണ്.

സൂറത്തുല്‍ ബുറൂജില്‍ അല്ലാഹു പറയുന്നു: അവന്‍ ഏറെ പൊറുക്കുന്നവനും സ്‌നേഹമയനുമാകുന്നു. (സൂക്തം 140). തന്റെ സൃഷ്ടിജാലങ്ങളോട് അളവറ്റ ദയാപരനായ അല്ലാഹു അവനോട് സൃഷ്ടികള്‍ സഹായം തേടി കൊണ്ട് പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്ന പക്ഷം അവരുടെ പ്രാര്‍ത്ഥനകള്‍ക്ക ഉത്തരം നല്‍കുന്നവനാകുന്നു. പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുന്നതിനാല്‍ അല്ലാഹു അല്‍മുജീബാകുന്നു. അല്ലാഹുവിന്റെ സവിശേഷതകളും ഗുണഗണങ്ങളും ഒരിക്കലും ഒരാള്‍ക്കും എണ്ണി കണക്കാന്‍ സാധ്യമല്ല. അല്ലാഹു പറയുന്നു: പ്രവാചകരേ താങ്കള്‍ പറയുക,സമുദ്രം എന്റെ നാഥന്റെ ഗുണവിശേഷണങ്ങള്‍ രേഖപ്പെടുത്താനുളള മഷിയാവുകയാണെങ്കില്‍ എന്റെ നാഥന്റെ വിശേഷണങ്ങള്‍ പൂര്‍ത്തീകരിക്കും മുമ്പ് സമുദ്രജലം വറ്റിപ്പോകും. ഇനി അത്രയും മഷി വേറെയും കൊണ്ടുവന്നാലും പൂര്‍ത്തീകരിക്കുക സാധ്യമല്ല.(അല്‍ കഹ്ഫ് 109).
Next Story

RELATED STORIES

Share it