Flash News

സമസ്ത സ്ഥാപനത്തിന്റെ ജൂബിലി ആഘോഷത്തില്‍ വനിതാ സമ്മേളനവും



സമീര്‍ കല്ലായി

മലപ്പുറം: സമസ്തയ്ക്കു കീഴിലുള്ള സ്ഥാപനത്തിന്റെ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വനിതാ സമ്മേളനവും. ഇതാദ്യമായാണ് സമസ്തയുടെ ഒരു സ്ഥാപനത്തിന്റെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വനിതാ സമ്മേളനം നടക്കുന്നത്. പട്ടിക്കാട് നൂരിയ യതീംഖാന സുവര്‍ണ ജൂബിലിയോടനുബന്ധിച്ചാണ് ഇന്ന് ഉച്ചയ്ക്കു രണ്ടിന് വിമന്‍സ് മീറ്റ് നടക്കുന്നത്്. ബിജെപി അനുകൂല പ്രസ്താവനയുടെ പേരില്‍ വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട ഖമറുന്നീസ അന്‍വറാണ് ഉദ്ഘാടക. ഖമറുന്നീസയെ മാറ്റി അഡ്വ. കെ പി മറിയുമ്മയെ കൊണ്ടുവരുമെന്ന്് സംഘാടകര്‍ പറയുന്നു. റംല അമ്പലക്കടവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഏഴോളം വനിതകള്‍ സംസാരിക്കും. പാണക്കാട് കുടുംബാംഗങ്ങളാണ് നൂരിയയുടെ പ്രസിഡന്റ് പദവിയിലുള്ളത്. ഇപ്പോഴത്തെ പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളാണ്. സമസ്ത ജന. സെക്രട്ടറി കെ ആലിക്കുട്ടി മുസ്്‌ല്യാരാണ് സമ്മേളന ഉദ്ഘാടനം നിര്‍വഹിക്കുക. സമസ്ത വൈസ് പ്രസിഡന്റ് എം ടി അബ്ദുല്ല മുസ്്‌ല്യാര്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, എന്‍ എ എം അബ്ദുല്‍ഖാദര്‍ തുടങ്ങിയ സമസ്ത നേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനത്തോടനുബന്ധിച്ചാണ് വനിതാ സമ്മേളനവും സംഘടിപ്പിക്കുന്നത്. അതേസമയം സംഭവം സമസ്തയ്ക്കുള്ളില്‍ ഇതിനകം വിവാദമായി. സ്ത്രീകളെ പൊതുരംഗത്തിറക്കരുതെന്ന സമസ്തയുടെ നയത്തിനു വിരുദ്ധമാണ് വിമന്‍സ്് മീറ്റെന്നാണ് വിമര്‍ശകരുടെ വാദം. മുമ്പ് വനിതാ ലീഗ് രൂപീകരിച്ചപ്പോള്‍ തന്റെ നേതാവ് പാണക്കാട് തങ്ങളാണെന്നും തന്റെ ഭാര്യക്കും ആ നേതാവുതന്നെ മതിയെന്നും പറഞ്ഞ സമസ്ത നേതാവ് നാട്ടിക മൂസ മുസ്്‌ല്യാരുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് വിമര്‍ശകര്‍ നേതൃത്വത്തെ തിരുത്താന്‍ രംഗത്തുള്ളത്.
Next Story

RELATED STORIES

Share it