ernakulam local

സമരത്തില്‍ പങ്കെടുത്തില്ല; മല്‍സ്യതൊഴിലാളികള്‍ക്ക് മര്‍ദ്ദനം

മട്ടാഞ്ചേരി: വൈദികരുടെ നേതൃത്വത്തില്‍ തോപ്പുംപടി ബിഒടി പാലത്തില്‍ നടന്ന ഉപരോധസമരത്തില്‍ പങ്കെടുത്തില്ലെന്ന് പറഞ്ഞ് മല്‍സ്യതൊഴിലാളികളുടെ  വാഹനം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദനം. തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് മല്‍സ്യ ബന്ധനം കഴിഞ്ഞ് വാഹനത്തില്‍ തുമ്പോളി കടപ്പുറത്തേയ്ക്ക് പോയ 45 മല്‍സ്യതൊഴിലാളികളെ മര്‍ദ്ദിക്കുകയും, ഇവര്‍ സഞ്ചരിച്ച വാഹനം തല്ലിതകര്‍ക്കുകയും ചെയ്തു. പോലിസ് സംഭവസ്ഥലത്തെത്തി പരിക്കേറ്റ അഞ്ച് തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ബാക്കിയുള്ളവരെ മട്ടാഞ്ചേരി പോലിസ് അസി. കമ്മീഷണര്‍ എസ് വിജയന്റെ നേതൃത്വത്തില്‍ വാഹനത്തിന് എസ്‌കോര്‍ട്ട് നല്‍കിയാണ് ചെല്ലാനം പ്രദേശം കടത്തിവിട്ടത്. ആലപ്പുഴ ജില്ലയിലെ തുമ്പോളിമംഗലം സ്വദേശികളായ ചന്ദ്രന്‍ (50), സോണി (28), ഡിക്‌സണ്‍ ( 62 ), ലാലിച്ചന്‍  (50) ജോര്‍ജ്ജ് (58)  എന്നിവരെയാണ് കരുവേലിപ്പടി ആശ്രുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ പകല്‍  പതിനൊന്നര മണിക്ക് സൗദി പള്ളിക്ക് സമീപത്താണ് സംഭവം. ആലപ്പുഴ തുമ്പോളി കടപ്പുറത്ത് നിന്ന് തോപ്പുംപടിഫിഷറീസ് ഹാര്‍ബറില്‍ എത്തി മല്‍സ്യ ബന്ധനം കഴിഞ്ഞ് മടങ്ങവേയാണ് മര്‍ദ്ദനം. വാഹനത്തില്‍ പോകവേ നൂറോളം പേര്‍ വാഹനം തടഞ്ഞ് നിര്‍ത്തി ഇഷ്ടിക അടക്കമുള്ളവ ഉയോഗിച്ച്  വാഹനത്തിന്റെ മുമ്പിലെയും, പിന്നിലെയും ചില്ലുകള്‍ അടിച്ചു തകര്‍ത്തു. മല്‍സ്യതൊഴിലാളികളെ ഓടിച്ചിട്ട് തല്ലി. തോപ്പുംപടിയില്‍ നടന്ന ഉപരോധത്തില്‍ പങ്കെടുക്കാതെ മല്‍സ്യബന്ധനത്തിന് പോയി എന്ന് പറഞ്ഞ് ആക്രോശിച്ചാണ് മര്‍ദ്ദിച്ചതെന്ന് വാഹനത്തില്‍ ഉണ്ടായിരുന്ന മല്‍സ്യതൊഴിലാളി ഡേവിഡ് പറഞ്ഞു. ഞങ്ങള്‍ക്ക് തോപ്പുംപടിയില്‍ നടക്കുന്ന സമരത്തെ പറ്റി അറിയില്ലായിരുന്നു. കൂടാതെ  ഇവിടത്തെ പ്രാദേശിക വിഷയങ്ങളിലെ പ്രശ്‌നങ്ങളില്‍ ആലപ്പുഴ ജില്ലയില്‍ താമസിക്കുന്ന ഞങ്ങളെ മര്‍ദ്ദിച്ചത് ശരിയായില്ലെന്ന് ഡേവിഡ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it