kannur local

സമരം പൊളിക്കാന്‍ ഗൂഢാലോചനയെന്ന് കര്‍മസമിതി

പാപ്പിനിശ്ശേരി: തുരുത്തി പട്ടികജാതി കോളനിയിലൂടെ ദേശീയപാത ബൈപാസ് നിര്‍മിക്കുന്നതിനെതിരേ പ്രദേശവാസികള്‍ നടത്തുന്ന സമരം പൊളിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി ആരോപണം. കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന 25ഓളം കുടുംബങ്ങള്‍ നാട്ടുകാരുടെ പിന്തുണയില്‍ രൂപീകരിച്ച എന്‍എച്ച് കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഇവിടെ മാസങ്ങളായി സമരത്തിലാണ്. സിപിഎം പോഷക സംഘടനയായ പട്ടികജാതി ക്ഷേമസമിതി ആദ്യഘട്ടത്തില്‍ ജനകീയ സമരത്തിനൊപ്പം നിലകൊണ്ടിരുന്നെങ്കിലും പതിയെ പിന്‍വലിഞ്ഞു. തുടര്‍ന്നാണ് സമരക്കാര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനുള്ള അണിയറ നീക്കം സജീവമായത്.
ഇതിനകം ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ കര്‍മസമിതി ഭാരവാഹികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. കൂടാതെ, ദേശീയപാത അതോറിറ്റിക്കും സംസ്ഥാന സര്‍ക്കാരിനും നിവേദനങ്ങള്‍ നല്‍കി. കോളനി നശിപ്പിക്കുന്ന നിര്‍മാണം അനുവദിക്കില്ലെന്നാണ് സമരക്കാരുടെ നിലപാട്. ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കി ബൈപാസ് നിര്‍മിക്കാനാവശ്യമായ സൗകര്യം പ്രദേശത്തുണ്ട്. ആദ്യ രണ്ടു സര്‍വേകളിലും കോളനി ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍, ചിലരെ സഹായിക്കാനാണ് മൂന്നാമത്തെ അലൈന്‍മെന്റിലൂടെ റോഡ് വളവോടുകൂടി തയാറാക്കിയതെന്നാണ് ആരോപണം. ത്രി എ വിജ്ഞാപനപ്രകാരം ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉടമകളുടെ പരാതിയിന്മേല്‍ കഴിഞ്ഞ ദിവസം തളിപ്പറമ്പ് എന്‍എച്ച് വിഭാഗം ഓഫിസില്‍ ഹിയറിങ് നടന്നിരുന്നു. സ്ഥലമേറ്റെടുക്കല്‍ നടപടികളുമായി സഹകരിക്കില്ലെന്നും ഒരിഞ്ച് ഭൂമി പോലും വിട്ടുതരില്ലെന്നും മിക്ക കുടുംബങ്ങളും വ്യക്തമാക്കി. എന്നാല്‍, സിറ്റിങ് കഴിഞ്ഞ ശേഷം ചിലരെത്തി ഭൂമി വിട്ടുകൊടുക്കാന്‍ സമ്മതമാണെന്ന് അറിയിച്ചു.
ഇതിനുപിന്നില്‍ പ്രദേശത്തെ പട്ടികജാതി ക്ഷേമസമിതി ഭാരവാഹി—കളുടെ പ്രേരണ ഉണ്ടായിരുന്നതായി ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി. സമരം പൊളിക്കാനുള്ള നീക്കം പ്രതിരോധിക്കുമെന്നും ഇരട്ടത്താപ്പും അനീതിയും ജനങ്ങള്‍ തിരിച്ചറിയണമെന്നും കര്‍മസമിതി നേതാക്കളായ കെ നിഷില്‍കുമാര്‍, കെ സിന്ധു, എ അനിത, അരുണിമ, ലിജ സന്തോഷ് എന്നിവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it