Flash News

സന്നദ്ധ സംഘടനയ്ക്ക് മാവോവാദി ബന്ധമെന്ന നിലപാട് : ആഭ്യന്തരവകുപ്പിന്റെ റിപോര്‍ട്ടില്‍ ആശങ്ക; സംഘടനകള്‍ രാഷ്ട്രപതിക്ക് കത്തയച്ചു



ഭുവനേശ്വര്‍: നിയാംഗിരി സുരക്ഷാസമിതിക്ക് മാവോവാദികളുമായി ബന്ധമുണ്ടെന്ന കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിലപാടില്‍ ആശങ്ക പ്രകടിപ്പിച്ച് നൂറിലേറെ സംഘടനകളും വ്യക്തികളും രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തയച്ചു.ആഭ്യന്തരവകുപ്പ് 2016-17ല്‍ പുറത്തുവിട്ട വാര്‍ഷിക റിപോര്‍ട്ടില്‍ പറയുന്നത് ഒഡീഷയിലെ നിയാംഗിരിയിലെ ദോംഗ്ഗ്രിയകൊണ്ട ആദിവാസികള്‍ക്കും പ്രാദേശിക സമുദായങ്ങള്‍ക്കും മാവോവാദികളുമായി ബന്ധമുണ്ടെന്നാണ്.ദോംഗ്ഗ്രിയകൊണ്ടയിലെ ആദിവാസി സമുദായങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന മല ഖനനത്തിനെതിരേ നിലകൊള്ളുന്നവരാണ് നിയാംഗിരി സുരക്ഷാസമിതി.  2010ല്‍ കേന്ദ്രസര്‍ക്കാര്‍ നിയാംഗിരി നിവാസികളുടെ ഖനനത്തിനെതിരായ പോരാട്ടത്തെ പിന്തുണച്ച് നിയമം പാസാക്കിയിരുന്നു. ഇത് കോടതി ശരിവയ്ക്കുകയും ചെയ്തു. ഈ നിയമത്തെയാണ് ആഭ്യന്തരവകുപ്പ് ലംഘിച്ചിരിക്കുന്നത്- കത്തില്‍ ചൂണ്ടിക്കാട്ടി.നിയാംഗിരി മലനിരകളില്‍ വിന്യസിച്ച സുരക്ഷാസേനയെ പിന്‍വലിക്കാന്‍ രാഷ്ട്രപതി നേരിട്ട് ആഭ്യന്തരവകുപ്പിന് നിര്‍ദേശം നല്‍കണമെന്നും കത്തിലുണ്ട്. 75 സംഘടനകളും 50 വ്യക്തികളുമാണ് കത്തില്‍ ഒപ്പുവച്ചത്.
Next Story

RELATED STORIES

Share it