സജി ബഷീറിന്റെ കാലത്തെ 146 നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ സിഡ്‌കോയില്‍ അവിദഗ്ധ തൊഴിലാളികളുടെ (ഗ്രേഡ്-4) 146 തസ്തികകളില്‍ നടത്തിയ നിയമനം ഹൈക്കോടതി റദ്ദാക്കി.
നിയമവിരുദ്ധമായാണ് നിയമനങ്ങള്‍ നടന്നതെന്ന് ചൂണ്ടിക്കാട്ടി വടകര സ്വദേശി സി കെ സുകേഷ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളിലാണ് ഉത്തരവ്. നിരവധി അഴിമതി ആരോപണങ്ങളുള്ള സജി ബഷീര്‍ എംഡിയായിരുന്ന കാലത്ത് 2014 ലാണ് സിഡ്‌കോയില്‍ ഈ നിയമനം നടന്നത്. 75 മാര്‍ക്ക് എഴുത്തുപരീക്ഷക്കും 75 മാര്‍ക്ക് ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖത്തിനും കണക്കൂകൂട്ടിയാണ് സിഡ്‌കോ പ്രവേശനം നടത്തിയത്. അതായത് മൊത്തം മാര്‍ക്കിന്റെ 50 ശതമാനം എഴുത്ത് പരീക്ഷയ്ക്കും 50 ശതമാനം ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖത്തിനും. അഭിമുഖത്തിന്റെയും ഗ്രൂപ്പ് ഡിസ്‌കഷന്റെയും കാര്യം നിയമനവുമായി ബന്ധപ്പെട്ട വിജ്ഞാപനത്തില്‍ പരാമര്‍ശിച്ചിരുന്നില്ലെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. എഴുത്തുപരീക്ഷയില്‍ നല്ല മാര്‍ക്ക് കിട്ടിയവര്‍ക്ക് ഗ്രൂപ്പ് ഡിസ്‌കഷനില്‍ കുറച്ച് മാര്‍ക്കാണ് കിട്ടിയത്. അതേസമയം എഴുത്തുപരീക്ഷയില്‍ മോശം മാര്‍ക്ക് കിട്ടിയവര്‍ക്ക് ഗ്രൂപ്പ് ഡിസ്‌കഷനിലും അഭിമുഖത്തിലും നല്ല മാര്‍ക്ക് ലഭിച്ചു. ഇത് സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നുവെന്നും ഹരജിക്കാര്‍ ആരോപിച്ചു. ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചു. ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിന്റെ നടപടിക്രമങ്ങള്‍ തീരുമാനിക്കാന്‍ തിരഞ്ഞെടുപ്പ് സമിതിക്ക് അധികാരമുണ്ടായിരുന്നില്ലെങ്കിലും അവര്‍ അത് ചെയ്തുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത് നിയമവിരുദ്ധമായിരുന്നു. അതിനാല്‍ പഴയ എഴുത്തുപരീക്ഷാ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു. അഭിമുഖം നടത്തേണ്ടതുണ്ടെങ്കില്‍ അതിനുള്ള മാര്‍ക്ക് 12.2 ശതമാനം മാത്രമായി നിജപ്പെടുത്തണം.
സംവരണം അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കണ—മെന്നും മൂന്നുമാസത്തിനകം നിയമന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it