thrissur local

സംസ്ഥാന സിബിഎസ്ഇ കലോല്‍സവം 23, 24, 25 തിയ്യതികളില്‍



തൃശൂര്‍: സംസ്ഥാന സിബിഎസ്ഇ കലോല്‍സവം നവംബര്‍ 23, 24, 25 തിയതികളിലായി ചിറ്റിലപ്പിള്ളി ഐഇഎസ് സ്‌കൂളില്‍ നടക്കും. മല്‍സരങ്ങള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സ്‌കൂള്‍ പ്രിന്‍സിപ്പലും കലോല്‍സവും ജനറല്‍ കണ്‍വീനറുമായ സി ലതാ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ 25 സഹോദയകളില്‍ നിന്നായി 8000 വിദ്യാര്‍ഥികളാണ് കലാമല്‍സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്. ഐഇഎസ് സ്‌കൂളില്‍ സജീകരിക്കുന്ന 21 സ്റ്റേജുകളിലായി 150 ഇനങ്ങളില്‍ മല്‍സരങ്ങള്‍ നടക്കും.പ്രധാനവേദികളില്‍ നിന്നുള്ള മല്‍സരങ്ങളുടെ തല്‍സമയ സ്ട്രീമിങും മല്‍സരഫലവും പോയിന്റു നിലയും കലോല്‍സവ വെബ്‌സൈറ്റില്‍ ലഭ്യമാവും. വിവിധ ജില്ലകളില്‍ നിന്നെത്തുവര്‍ക്ക് സഹായകരമാവുന്ന രീതിയില്‍ നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ഹോട്ടലുകളുടെയും ലോഡ്ജുകളുടെയുമെല്ലാം വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് സംഘാടകര്‍ പറഞ്ഞു. വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണ്.കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്റെയും കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്‌സസിന്റെയും ഭാരവാഹികളെ ഉള്‍പ്പെടുത്തി കലോല്‍സവ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് കലോല്‍സവത്തിനെത്തുന്നവര്‍ക്ക് ഭക്ഷണം ഒരുക്കുന്നത്. വേദികളുടെ കാല്‍നാട്ടുകര്‍മം വിദ്യാലയാങ്കണത്തില്‍ അനില്‍ അക്കര എംഎല്‍എ നിര്‍വഹിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്റെയും കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്‌സസ് ഭാരവാഹികളായ കെ എ ഫ്രാന്‍സീസ്, കെ എം ഹാരിസ്, കെ എം ഉണ്ണികൃഷ്ണന്‍, ടിപിഎം ഇബ്രാഹിം ഖാന്‍, സി പി കുഞ്ഞുമുഹമ്മദ്, എബ്രഹാം തോമസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it