Kollam Local

സംസ്ഥാനത്ത് പുതിയ 522 സ്‌കൂള്‍ കെട്ടിടങ്ങള്‍ പൂര്‍ത്തീയാക്കുമെന്ന് മന്ത്രി

കൊല്ലം: പൊതു വിദ്യാലയങ്ങളിലേക്ക് കൂടുതല്‍ കുട്ടികള്‍ വരുന്ന സാഹചര്യത്തില്‍ എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള 522 കെട്ടിടങ്ങള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. അയ്യന്‍കോയിക്കല്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ശതാബ്ദിസ്മാരക മന്ദിരം നാടിന് സമര്‍പ്പിക്കുകയായിരുന്നു മന്ത്രി. മറ്റു രാജ്യങ്ങളിലും രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും പൊതുവിദ്യാലയങ്ങളില്‍ നിന്ന് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറുമ്പോള്‍ ഇവിടെ കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്ക് തിരികെയെത്തുകയാണ്. ശാസ്ത്രീയ രീതിയിലുള്ള വിദ്യാഭ്യാസത്തിലുള്ള രക്ഷിതാക്കളുടെ വിശ്വാസമാണ് ഇതിനിടയാക്കിയത്. പാഠ്യവിഷയത്തിന് പുറത്തുള്ള അറിവുകൂടി നേടാന്‍ പാകത്തില്‍ രൂപപ്പെടുത്തിയ വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തിലേതെന്നും ഇതു വഴി ലോകത്തെവിടെയും അംഗീകാരം നേടുന്ന കുട്ടികളാണ് ഇനിയുണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ വിജയന്‍പിള്ള എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, അംഗം ബി  സേതുലക്ഷ്മി, തേവലക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ആന്റണി, പ്രിന്‍സിപ്പല്‍ ജി കൃഷ്ണകുമാര്‍, ഹെഡ്മിസ്ട്രസ് വി പ്രീതാകുമാരിയമ്മ, പിടിഎ പ്രതിനിധികളായ കെ മോഹനക്കുട്ടന്‍, അജയകുമാര്‍, സ്റ്റാഫ് സെക്രട്ടറി അനില്‍കുമാര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, മറ്റു ജനപ്രതിനിധികള്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it