സംസ്ഥാനത്ത് കാവലില്ലാ എടിഎമ്മുകള്‍ നിരവധി; സുരക്ഷാ ജീവനക്കാരുടെ അഭാവം മുതലെടുത്ത് മോഷ്ടാക്കള്‍

കൊച്ചി: സംസ്ഥാനത്ത് എടിഎമ്മുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ചകള്‍ നടത്തുന്നത്് സുരക്ഷാ ജീവനക്കാരുടെ അഭാവം മുതലെടുത്ത്. ജനബാഹുല്യം കണക്കിലെടുത്ത് മുക്കിലും മൂലയിലും എടിഎം മെഷീന്‍ സ്ഥാപിക്കുന്നതില്‍ പിശുക്കു കാണിക്കാത്ത ബാങ്കുകള്‍ സുരക്ഷാ ജീവനക്കാരെയോ കാവല്‍ക്കാരെയോ ഏര്‍പ്പെടുത്താത്തത് മോഷ്ടാക്കള്‍ക്ക് സഹായകരമാവുകയാണ്. സിസിടിവി കാമറ ഘടിപ്പിച്ച് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന ആശ്വാസത്തിന് ആയുസ്സില്ലെന്നാണ് വര്‍ധിച്ചുവരുന്ന എടിഎം മോഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്നലെ മധ്യകേരളത്തില്‍ നടന്ന എടിഎം മോഷണത്തിന് പ്രതികള്‍ തിരഞ്ഞെടുത്തതും സുരക്ഷാ ജീവനക്കാര്‍ ഇല്ലാത്ത എടിഎമ്മുകളായിരുന്നു. എടിഎം കാവല്‍ക്കാരെ നിയമിക്കുന്നതിന് ബാങ്കുകള്‍ സ്വകാര്യ സുരക്ഷാ ഏജന്‍സികളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ ഏജന്‍സികള്‍ കാവല്‍ക്കാരെ മറ്റു ഡ്യൂട്ടികളിലേക്ക് മാറ്റുന്നതോടെ കാവലില്ലാ മെഷീനുകളായി മാറുകയാണ് എടിഎം സെന്ററുകള്‍. മുഖംമൂടി ധരിച്ചെത്തി സിസിടിവിയില്‍ പെയിന്റ് ഒഴിക്കുകയും വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തതോടെ തീരുന്ന സുരക്ഷയാണ് ഇത്തരത്തിലുള്ള എടിഎം സെന്ററുകളിലുള്ളത്.
ഒരു എടിഎം സെന്ററിന് കാവലിനായി കുറഞ്ഞത് മൂന്നു പേരെങ്കിലും ആവശ്യമുള്ളതിനാല്‍ എല്ലായിടത്തും സുരക്ഷാ ഭടന്‍മാരെ നിയമിക്കുന്നത് പ്രായോഗികമല്ലെന്നാണ് ബാങ്കുകളുടെ ഭാഷ്യം. സാധാരണഗതിയില്‍ അത്ര എളുപ്പത്തില്‍ ഗ്യാസ്‌കട്ടര്‍ പോലെയുള്ള ഉപകരണങ്ങള്‍ കൊണ്ട് മാത്രം മെഷീന്‍ പൊളിക്കാന്‍ കഴിയില്ലെന്നും അതിവിദഗ്ധരായ മുന്‍പരിചയമുള്ളവരായിരിക്കാം ഇന്നലെ കവര്‍ച്ച നടത്തിയവരെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു.
എടിഎമ്മുകളില്‍ നിന്നു പണം അപഹരിക്കുന്ന സംഭവം നാളുകളായി വര്‍ധിച്ചിട്ടും ബന്ധപ്പെട്ടവര്‍ മുന്‍കരുതലുകള്‍ എടുക്കാത്തത് മോഷ്ടാക്കള്‍ മുതലെടുക്കുകയാണ്. കേരളത്തില്‍ അരലക്ഷത്തിനു മുകളില്‍ വരുന്ന എടിഎമ്മുകളില്‍ നല്ലൊരു ശതമാനവും ആളില്ലാ ലെവല്‍ക്രോസ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ചില മെഷീനുകള്‍ ദിവസങ്ങളോളം പ്രവര്‍ത്തനരഹിതമായി കിടന്നിട്ടും ബാങ്ക് ജീവനക്കാര്‍ അറിയാതെപോകുന്ന അവസ്ഥ വരെയുണ്ട്. ഒരു എടിഎമ്മില്‍ പരമാവധി 40 ലക്ഷം രൂപയോളം നിറച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞു മാത്രം ബാങ്കുകാര്‍ തിരിഞ്ഞുനോക്കുന്ന സംഭവങ്ങളുമുണ്ട്. ഇതുകൊണ്ടുതന്നെ എടിഎമ്മുകള്‍ എളുപ്പത്തില്‍ തകര്‍ക്കാനുള്ള പദ്ധതികള്‍ ഉണ്ടാക്കാന്‍ മോഷ്ടാക്കള്‍ കഴിയുകയാണ്.
സ്ഥിരം നിരീക്ഷണ സംവിധാനങ്ങള്‍ ഇല്ലാത്ത ഒറ്റപ്പെട്ട എടിഎമ്മുകളില്‍ മോഷണങ്ങള്‍ പെരുകുന്നത് ബാങ്കുകള്‍ക്ക് തലവേദന സൃഷ്ടിക്കുകയാണ്. മോഷ്ടാക്കള്‍ നിരീക്ഷണം നടത്തി കാവലില്ലാത്ത മെഷീനുകള്‍ കണ്ടെത്തിയതിനു ശേഷമാണ് മോഷണത്തിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്നാണ് മോഷണത്തിന്റെ രീതികളില്‍ നിന്നു മനസ്സിലാകുന്നത്.



Next Story

RELATED STORIES

Share it