സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെയും ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 16 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 82.30 രൂപയും ഡീസലിന് 74 രൂപ 93 പൈസയുമാണ് ഈടാക്കിയത്. കൊച്ചിയില്‍ പെട്രോളിന് 81 രൂപ ഒരു പൈസയും ഡീസലിന് 73 രൂപ 72 പൈസയുമാണ് നിരക്ക്. കോഴിക്കോട് പെട്രോളിന് 81 രൂപ 27 പൈസയും ഡീസലിന് 73 രൂപ 99 പൈസയുമാണ് വില. തുടര്‍ച്ചയായ 15ാം ദിവസമാണ് ഇന്ധനവില കൂടുന്നത്. 14 ദിവസത്തിനുള്ളില്‍ പെട്രോളിന് 3.69 രൂപയും ഡീസലിന് 3.41 രൂപയുമാണ് കൂടിയത്.
രാജ്യാന്തര വിപണില്‍ ക്രൂഡോയില്‍ വില വര്‍ധിക്കുന്നതാണ് ഇന്ത്യയിലും ഇന്ധന വില കൂട്ടുന്നതിനായി എണ്ണക്കമ്പനികള്‍ ഉയര്‍ത്തുന്ന ന്യായം. വില ഉയരുമ്പോഴും നികുതി കുറയ്ക്കാനുള്ള നടപടികള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് അധിക നികുതി ഒഴിവാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.
കര്‍ണാടക തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ധനവില വര്‍ധനയ്ക്ക് ഏതാനും ദിവസങ്ങളില്‍ നിയന്ത്രണമുണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്ത് വീണ്ടും വിലവര്‍ധന തുടരുകയായിരുന്നു. ഇന്ധനവില കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്രം പൊതുമേഖലാ എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വില പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നാണ് കേന്ദ്രം നല്‍കുന്ന വിശദീകരണം. എന്നാല്‍ എല്ലാ വാഗ്ദാനങ്ങള്‍ക്കുമിടയിലും ഇന്ധനവില കുതിക്കുകയാണ്.
Next Story

RELATED STORIES

Share it