Flash News

സംസ്ഥാനത്ത് അരിവില 50 കടന്നു



തിരുവനന്തപുരം: റമദാന്‍ വിപണിക്ക് ഭീഷണിയായി സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. പച്ചക്കറിക്കും പലവ്യഞ്ജനത്തിനും അടക്കം വന്‍ വിലവര്‍ധനയാണ് ഒരാഴ്ചയ്ക്കിടെ രേഖപ്പെടുത്തിയത്. ഏറ്റവുമധികം വില ഉയര്‍ന്നത് അരിക്കും ഉള്ളിക്കുമാണ്. അരിവില സര്‍വകാല റെക്കോഡിട്ട് 50 രൂപ കടന്നപ്പോള്‍ ഉള്ളിയുടെ വില 130 വരെയെത്തി. കഴിഞ്ഞ രണ്ടാഴ്ചയായി ഉള്ളിവില ക്രമാനുഗതമായി വര്‍ധിക്കുകയാണ്. ചാല മാര്‍ക്കറ്റില്‍ ഇന്നലെ 120 രൂപയായിരുന്നു ഉള്ളിയുടെ മൊത്തവില. ഇത് ചില്ലറക്കച്ചവടക്കാരിലെത്തിയപ്പോള്‍ വീണ്ടും ഉയര്‍ന്നു. നിരക്ക് വര്‍ധിച്ചതോടെ ഉള്ളിയുടെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്. വിപണിയില്‍ ഏറെ പ്രിയമുള്ള ജയ, സുരേഖ അരികള്‍ക്കും പച്ചരിക്കും വില വര്‍ധിച്ചു. ജയ അരിക്കാണ് 50 രൂപയ്ക്കു മുകളില്‍ വില ഉയര്‍ന്നത്. മൊത്തവില 40 രൂപയ്ക്ക് അടുത്ത് മാത്രമുള്ളപ്പോഴാണ് ചില്ലറക്കച്ചവടക്കാര്‍ 50നു മുകളില്‍ വില ഈടാക്കുന്നത്. സുരേഖ അരിയുടെ വിലയും 50 രൂപയ്ക്കടുത്താണ്. പച്ചരിയുടെ വില 26ല്‍ നിന്ന് 30 കടന്നു. സാധാരണ പച്ചരിക്ക് വിലവര്‍ധന കാര്യമായി അനുഭവപ്പെടാറില്ല. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന നെല്ലിന്റെ അളവ് കുറഞ്ഞതും വില ഉയര്‍ന്നതുമാണ് അരിവില കൂടാന്‍ കാരണം. പച്ചക്കറിക്കും കാര്യമായ വിലവര്‍ധന അനുഭവപ്പെടുന്നുണ്ട്. പച്ചമുളകിന് കഴിഞ്ഞയാഴ്ചത്തെ വില 60 രൂപയായിരുന്നു. ഇന്നലെ ഇത് 75 രൂപയായി ഉയര്‍ന്നു. കറിവേപ്പിലയ്ക്ക് 100ഉം മല്ലിയിലയ്ക്ക് 150ഉം ആണ് നിലവിലെ വില. ബീന്‍സ്, വള്ളിപ്പയര്‍, ഇഞ്ചി എന്നിവയുടെ വിലയും 100 കടന്നു. കോവയ്ക്ക- 60, മുരിങ്ങ 40, വഴുതന- 40, പാവയ്ക്ക- 70, തക്കാളി- 30, സവാള- 30, ഉരുളക്കിഴങ്ങ്- 30 എന്നിങ്ങനെ പോവുന്നു പച്ചക്കറിവില. മെയ് മാസത്തെ അപേക്ഷിച്ച് എല്ലാ പച്ചക്കറിക്കും 30 ശതമാനത്തിലേറെ വില ഉയര്‍ന്നു. തക്കാളിയും ബീറ്റ്‌റൂട്ടുമാണ് വില കാര്യമായി കൂടാത്ത ഇനങ്ങള്‍. തേങ്ങവില ഉയര്‍ന്നതോടെ വെളിച്ചെണ്ണയ്ക്കും വില കൂടിയിരിക്കുകയാണ്. പഴങ്ങള്‍ക്കും വില ഉയര്‍ന്നിട്ടുണ്ട്. ഞാലിപ്പൂവന്‍, ഏത്തപ്പഴം എന്നിവയുടെ വില 50 രൂപ കടന്നു. ട്രോളിങ് നിരോധനം ആരംഭിക്കുന്നതോടെ മല്‍സ്യവില ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇതിനു മുന്നോടിയായി അയല, മത്തി അടക്കമുള്ള ചെറുമീനുകളുടെ വില ഉയര്‍ന്നിട്ടുണ്ട്. കാലിവില്‍പന നിയന്ത്രണവുമായി ബന്ധപ്പെട്ടുണ്ടായ ഇറച്ചിവില വര്‍ധന തുടരുകയാണ്. പോത്തിറച്ചിക്ക് രണ്ടാഴ്ച കൊണ്ട് 20 രൂപയാണ് കൂടിയത്. കോഴിയിറച്ചിക്ക് കിലോയ്ക്ക് 25 രൂപ കൂടി. വേനലിലുണ്ടായ ഉല്‍പാദനക്കുറവും നോമ്പുകാലം തുടങ്ങിയതും വിലക്കയറ്റത്തിന് കാരണമായി. ആട്ടിറച്ചി കിലോയ്ക്ക് 100 രൂപ വരെ കൂടിയിട്ടുണ്ട്. റമദാന്‍ വിപണിയില്‍ കാര്യക്ഷമമായ സര്‍ക്കാര്‍ ഇടപെടല്‍ നടന്നില്ലെങ്കില്‍ സാധാരണക്കാര്‍ക്ക് ഇത് വന്‍ വെല്ലുവിളി ഉയര്‍ത്തും. അതേസമയം, വിലക്കയറ്റം ചില വ്യാപാരികള്‍ മനപ്പൂര്‍വം സൃഷ്ടിക്കുകയാണെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. അത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. അരിവില ചില സമയങ്ങളില്‍ ലഭ്യതയ്ക്കനുസരിച്ച് വ്യത്യാസപ്പെടുന്നതാണ്. ഇതു നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തും. പ്രത്യേക അരിക്കടകള്‍ തുറക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it