palakkad local

സംസ്ഥാനത്തെ ആദ്യ വാര്‍ഡ്തല സമഗ്ര സര്‍വേ തുടങ്ങി: വടക്കഞ്ചേരി വാര്‍ഡ് ഒന്ന് പരുവാശ്ശേരിയില്‍



പാലക്കാട് :സംസ്ഥാനത്ത് ആദ്യമായി വാര്‍ഡ്തലത്തില്‍ നടത്തുന്ന സമഗ്ര സര്‍വെ വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ പരുവാശ്ശേരിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ആവിഷ്‌കരിച്ച് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന വാര്‍ഡ് ഒന്ന്  പരുവാശ്ശേരി-മാതൃകാ വാര്‍ഡ് പദ്ധതിയുടെ ഭാഗമായാണ് സമഗ്ര സര്‍വെക്ക് തുടക്കമിട്ടത്. ഇക്കണോമിക്‌സ്-സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വാര്‍ഡ്തലത്തില്‍ ഇത്തരമൊരു സമഗ്ര സര്‍വെ നടത്തുന്നത്. ജൂണ്‍ നാലിന് സര്‍വെ പൂര്‍ത്തിയാക്കി സമഗ്ര റിപ്പോര്‍ട്ട് ജൂണ്‍ 15നകം കൈമാറും. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായി കമ്മിറ്റി രൂപവത്കരിച്ച് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ    യുദ്ധകാലാടിസ്ഥാനത്തില്‍ മാതൃകാ വാര്‍ഡാക്കി മാറ്റുന്നതിനുള്ള നടപടികള്‍ തുടങ്ങും. ഇതിന് മുന്നോടിയായി ജൂണ്‍ 19നും 25നുമിടയില്‍ ഒരു കുടുംബത്തിലെ ഒരു അംഗമെങ്കിലും പങ്കെടുക്കുന്ന പ്രത്യേക വാര്‍ഡ്‌സഭയും ചേരും. എ.എല്‍പി സ്‌കൂള്‍ പരിസരത്ത് നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ചാമുണ്ണി അധ്യക്ഷനായി.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി പി സുലഭകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ പോള്‍സണ്‍ തിരിച്ചറിയല്‍ കാര്‍ഡും ഷെഡ്യൂളും ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ക്ക് കൈമാറി. വൈസ് പ്രസിഡന്റ് കെ.കുമാരന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സരോജിനി രാമകൃഷ്ണന്‍, രമാ ജയന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.പ്രഭാകരന്‍, ഇക്കണോമിക്‌സ് - സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, കെ ശ്രീധരവാര്യര്‍, 20 ാം വാര്‍ഡ് മെമ്പര്‍   പൊന്നുക്കുട്ടി കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.  പരുവാശ്ശേരി വാര്‍ഡ് മെമ്പര്‍ പി.ഗംഗാധരന്‍ സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി റ്റി.കണ്ണന്‍ നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it