ernakulam local

സംഘാടകരുടെ പിടിപ്പ്‌കേട്; മുഖ്യമന്ത്രി വേഗം സ്ഥലം വിട്ടു

പറവൂര്‍: മൂത്തകുന്നം എച്ച്എംഡിപി സഭയുടെ പുതിയ ഓഫിസ് ഉദ്ഘാടന ചടങ്ങില്‍ സംഘാടകരുടെ ഔചിത്യ മില്ലായ്മയില്‍ പ്രതിഷേധിച്ച് ഉദ്ഘാടകനായ മുഖ്യമന്ത്രി സംസാരിക്കാന്‍ നില്‍ക്കാതെ സ്ഥലം വിട്ടു. ഒരു നൂറ്റാണ്ടിലേറെ പാര്യമ്പര്യമുള്ള പ്രമുഖ സ്ഥാപനമാണ് മൂത്തകുന്നം ഹിന്ദു മത ധര്‍മ്മ പരിപാലന സഭ. ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ജില്ലയിലെ അപൂര്‍വ ക്ഷേത്രങ്ങളില്‍ ഒന്നായ ശ്രീനാരായണ മംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഈ സഭയുടെ കീഴിലാണ്.
എല്‍കെജി മുതല്‍ എന്‍ജിനീയറിങ് കോളജ് വരെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സഭയുടെ കീഴിലുണ്ട്. ദീര്‍ഘകാലമായി ഉപയോഗിച്ചിരുന്ന ഓഫിസ് പൊളിച്ച് നാലരക്കോടി രൂപ ചെലവില്‍ പതിനായിരം സ്‌ക്വയര്‍ ഫീറ്റില്‍ പുതുക്കി നിര്‍മിച്ച ഓഫിസിന്റെ ഉദ്ഘാടനമായിരുന്നു വേദി. രാഷ്ട്രപതിയേയോ പ്രധാനമന്ത്രിയേയൊ പങ്കെടുപ്പിച്ച് മൂന്നു ദിവസത്തെ വിവിധ പരിപാടികളോടെ ഉത്സവമായി ഉദ്ഘാടനം ആഘോഷമാക്കാനാണ് സഭ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇവരെ കിട്ടാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ ഉദ്ഘാടകനായി നിശ്ചയിച്ചത്. വിവിധ തുറകളിലെ പ്രമുഖരുടെ നീണ്ട നിരയെ ക്ഷണിച്ചിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎല്‍എമാരായ വി ഡി സതീശന്‍, വി എസ് സുനില്‍കുമാര്‍, എസ് ശര്‍മ്മ തുടങ്ങിയവര്‍ ആരുംതന്നെ എത്തിയിരുന്നില്ല.
മുഖ്യമന്ത്രി ഷെഡ്യൂള്‍ പ്രകാരം മൂന്നര മണിക്ക് തന്നെ സ്ഥലത്തെത്തി. നാലരയ്ക്ക് കളമശ്ശേരിയില്‍ അദാനി ഗ്യാസ് സി എന്‍ ജി സ്‌റ്റേഷന്‍ ഉദ്ഘാടനത്തിന് എത്തേണ്ടതിനാല്‍ സമയ ബന്ധിതമായി ചടങ്ങ് നടത്തണമെന്ന് ബുധനാഴ്ച്ച വൈകീട്ട് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും സഭ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ സ്ഥലത്തെത്തിയ മുഖ്യമന്ത്രിയെ വേദിയിലേക്ക് കൊണ്ടുപോവാതെ ഓഫിസിലും ഗുരു മണ്ഡപത്തിലും മറ്റും ചുറ്റിക്കറക്കി അരമണിക്കൂര്‍ നഷ്ടപ്പെടുത്തി. നാല് മണിക്കാണ് ചടങ്ങ് ആരംഭിച്ചത്. തുടക്കത്തില്‍ ദൈവ ദശകം ആലാപനത്തിന് ശേഷം സഭയുടെ നൂറ്റി മുപ്പത്താറ് വയസ്സിനെ സൂചിപ്പിച്ച് 136 പേരുള്‍പ്പടുന്ന സംഘഗാനവും കഴിഞ്ഞപ്പോള്‍ തന്നെ ഏറെ സമയം വൈകിയിരുന്നു. ഇതിനു പിന്നാലെ സ്വാഗത പ്രസംഗകന്റെ അധിക പ്രസംഗവും മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു. മുഖ്യമന്ത്രിക്ക് തിരക്കുള്ളതിനാല്‍ ഞാന്‍ അധികമൊന്നും സംസാരിക്കുന്നില്ലെന്ന് പറഞ്ഞു തുടങ്ങിയ സഭാ സെക്രട്ടറി ദീര്‍ഘ സമയമെടുത്തത് മുഖ്യമന്ത്രിയെ പരിഹസിക്കുന്നതിന് തുല്യമായി. അധ്യക്ഷന്‍ ഉദ്ഘാടത്തിന് ക്ഷണിച്ചപ്പോള്‍ മൈക്കിന് മുന്നിലെത്തിയ മുഖ്യമന്ത്രി വളരെ സന്തോഷപൂര്‍വം സഭാ മന്ദിരം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.
സദസ്സില്‍ നിന്നുയര്‍ന്ന കരഘോഷത്തിനിടെ എഴുതി തയാറാക്കി കൊണ്ടുവന്ന പ്രസംഗം വായിക്കാതെ കുറച്ചു കാര്യങ്ങള്‍ എനിക്ക് നിങ്ങളോട് പറയണമെന്നുണ്ടായിരുന്നു സമയക്കുറവ് മൂലം ഞാന്‍ പറയുന്നില്ല അത് മറ്റൊരവസരത്തിലാവാം. നിങ്ങളുടെ സ്വാഗത പ്രസംഗകന്‍ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നു പറഞ്ഞു മുഖ്യമന്ത്രി വേദി വിട്ടു.
മുഖ്യമന്ത്രിയുടെ ഈ പ്രതികരണം കേട്ട് വേദിയിലും സദസ്സിലുമുള്ളവരും സ്തബ്ദധരായി. ഇത് ഗ്രൂപ്പ് പോര് നിലനിക്കുന്ന സഭക്കുള്ളില്‍ പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കയാണ്.
Next Story

RELATED STORIES

Share it