Editorial

സംഘപരിവാരത്തിന്റെ ക്രിസ്തീയവിരുദ്ധ നീക്കങ്ങള്‍

മുസ്‌ലിം ന്യൂനപക്ഷം മാത്രമാണ് ഹിന്ദുത്വ തീവ്രവാദികളുടെ ഹിറ്റ്‌ലിസ്റ്റിലുള്ളത് എന്നാണു പൊതുധാരണ. ക്രിസ്തീയ മിഷനറിമാരും സ്ഥാപനങ്ങളും സംഘപരിവാര ശക്തികളാല്‍ പലതവണ ആക്രമിക്കപ്പെട്ടിട്ടുപോലും പലപ്പോഴും കാവിരാഷ്ട്രീയത്തോട് രാജിയാവാനാണ് ക്രിസ്തീയസമുദായം ശ്രമിക്കാറുള്ളത്. എന്നാല്‍ ഇത്തരം 'അതിജീവന തന്ത്രങ്ങള്‍' ഫലിക്കുന്നില്ലെന്നാണ് അടുത്തകാലത്ത് ലഭിക്കുന്ന വാര്‍ത്തകള്‍ വിളിച്ചോതുന്നത്. ക്രിസ്ത്യാനികളെയും വെറുതെവിടില്ലെന്ന് തീവ്ര ഹിന്ദുത്വം തീരുമാനിച്ചുറപ്പിച്ചിരിക്കുന്നു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ സത്‌നയില്‍ ക്രിസ്മസ് കരോള്‍ അവതരിപ്പിക്കുന്നതിനിടയില്‍ മതപരിവര്‍ത്തനം ആരോപിച്ച് വൈദികരെയും വൈദിക വിദ്യാര്‍ഥികളെയും പോലിസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. എന്നു മാത്രമല്ല, വൈദികരുടെ വാഹനം ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ തീവച്ചു നശിപ്പിക്കുകയും ചെയ്തു. ഒരു മലയാളി വൈദികന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഭരണത്തിന്റെ ആനുകൂല്യം ഉപയോഗിച്ചു നടത്തിയ ആസൂത്രിതമായ ന്യൂനപക്ഷ വേട്ടയായിരുന്നു ഇത്. അതിനു പിന്നാലെയാണ് ബിജെപി തന്നെ ഭരിക്കുന്ന യുപിയിലെ അലിഗഡില്‍ ഹിന്ദു ജാഗരണ്‍ മഞ്ച് ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടത്താന്‍ പാടില്ലെന്ന് തിട്ടൂരമിറക്കിയത്. യുപിയില്‍ തന്നെ മീറ്റത്തിനടുത്ത ഇറൗലി ഗുര്‍ജന്‍ ഗ്രാമത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഏതാനും ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്തതിനെ ഇതിനോട് ചേര്‍ത്തുവായിക്കണം. അവര്‍ക്കെതിരേ തെളിവുകളൊന്നുമില്ലെന്നാണ് കോടതി കണ്ടെത്തിയത്. അലിഗഡ് പോലെയുള്ള സ്ഥലങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു തിരഞ്ഞെടുക്കുന്നത് ഒരേസമയം ക്രിസ്ത്യാനികളിലും മുസ്‌ലിംകളിലും ഭീതി വിതയ്ക്കാന്‍ വേണ്ടിയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അനുദിനം ന്യൂനപക്ഷവിരുദ്ധ ചിന്ത പ്രബലമാവുകയാണ് എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. തിരുവനന്തപുരത്ത് അമ്പൂരി കുട്ടമലയില്‍ ക്രിസ്ത്യന്‍ പള്ളി ഒരുകൂട്ടം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഏതാനും ദിവസം മുമ്പ് അടിച്ചുതകര്‍ത്തിരുന്നു. മതപരിവര്‍ത്തനമായിരുന്നു ഇവിടെയും വിഷയം. ഇതെല്ലാം സൂചിപ്പിക്കുന്നത് ഹാദിയയിലൊന്നും ഒതുങ്ങിനില്‍ക്കുന്നതല്ല കാവിപ്പടയുടെ അന്യമതവിദ്വേഷം എന്നാണ്. ഹിന്ദുത്വ തീവ്രവാദത്തിന്റെ ചിന്താധാരയില്‍ തങ്ങളുടേതല്ലാത്ത ഒന്നിനും ഇടമില്ലെന്ന് പ്രകടം. എന്നാല്‍, അതു ശരിയാംവിധം തിരിച്ചറിയുന്നുവോ ക്രിസ്തീയ മതനേതൃത്വം എന്നു ചോദിക്കേണ്ടതുണ്ട്. ഹൈന്ദവ ഫാഷിസത്തിന്റെ കടന്നാക്രമണങ്ങള്‍ക്കെതിരില്‍ ഇരകളോടൊപ്പം ഉറച്ചുനില്‍ക്കുന്നതിനു പകരം പലപ്പോഴും ന്യൂനപക്ഷം ഭൂരിപക്ഷത്തിന് കീഴൊതുങ്ങിക്കൊടുക്കണമെന്ന മട്ടില്‍ ക്രിസ്തീയ സഭാനേതൃത്വത്തില്‍ പെട്ട പലരും സംസാരിക്കാറുണ്ട്. അമ്മട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവാറുമുണ്ട്. ഇതല്ല വേണ്ടത്. ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളും എല്ലാവര്‍ക്കും ലഭിക്കുന്നതിനും ന്യൂനപക്ഷങ്ങളുടെ വിശ്വാസ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമുള്ള സമരങ്ങളില്‍ ക്രിസ്തുമത വിശ്വാസികള്‍ ഒറ്റക്കെട്ടായി അണിനിരക്കുക തന്നെ വേണം.
Next Story

RELATED STORIES

Share it