Idukki local

ഷ്രെഡിങ് യൂനിറ്റ് കാഞ്ഞിരമറ്റത്ത് പ്രവര്‍ത്തിച്ചുതുടങ്ങി



തൊടുപുഴ: തൊടുപുഴ നഗരസഭയിലെ ആദ്യ പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ് കാഞ്ഞിരമറ്റത്ത് പ്രവര്‍ത്തനം തുടങ്ങി. നഗരത്തില്‍ പ്ലാസിറ്റിക് മാലിന്യം കുമിഞ്ഞുകൂടുന്നുവെന്ന പരാതി ഉയര്‍ന്നതോടെയാണ് ഷ്രെഡിങ് യൂനിറ്റ് കാഞ്ഞിരമറ്റം 24ാം വാര്‍ഡിലെ ചുരുളി റോഡിലുള്ള വ്യവസായ എസ്‌റ്റേറ്റില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. മുമ്പ് നഗരസഭയുടെ അഞ്ച്, 15, 35 വാര്‍ഡുകളില്‍ യൂനിറ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചന നടത്തിയിരുന്നു.അഞ്ചാം വാര്‍ഡില്‍ പല തവണ ചര്‍ച്ച നടത്തിയിട്ടും പ്രാദേശികമായ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നഗരസഭ പിന്മാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് 24ാം വാര്‍ഡില്‍ പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ് തുടങ്ങാന്‍ തീരുമാനിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍ അരുണിമ ധനേഷിന്റെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ വേഗം പൂര്‍ത്തിയാക്കി. കാഞ്ഞിരമറ്റത്തെ യൂനിറ്റില്‍ സമീപവാസികള്‍ക്ക് തൊഴില്‍ നല്‍കും. ഷ്രെഡിങ് യൂനിറ്റിന്റെ ഉദ്ഘാടനം ഉടന്‍ നടത്തും. അടുത്ത വാര്‍ഡ്ഫണ്ട് വിഹിതം നല്‍കുമ്പോള്‍ പ്രോല്‍സാഹനമെന്ന നിലയ്ക്ക് 24ാം വാര്‍ഡിന് അധികഫണ്ട് അനുവദിക്കാനും ആലോചനയുണ്ട്. ഒരു പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ് കൂടി നഗരസഭയില്‍ പുതുതായി സ്ഥാപിക്കും. നഗരസഭയ്ക്കു ലഭിക്കാനുള്ള വസ്തുനികുതി കഴിവതും വേഗം പിരിച്ചെടുക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. വസ്തു ഉടമകള്‍ക്ക് തവണകളായി നികുതി അടയ്ക്കാന്‍ സൗകര്യമേര്‍പ്പെടുത്തും. പിഴപ്പലിശ പൂര്‍ണമായി ഒഴിവാക്കിയ നഗരസഭയുടെ നടപടി അംഗീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. പിഎംഎവൈ പദ്ധതിപ്രകാരം നിര്‍മിച്ച ശേഷം പിന്നീട് വിപുലപ്പെടുത്തിയ വീടുകള്‍ കണ്ടെത്തി മാനദണ്ഡമനുസരിച്ചുള്ള നികുതി ഈടാക്കണമെന്ന നിര്‍ദേശം കൗണ്‍സിലില്‍ ഉയര്‍ന്നു. പിഎംഎവൈ ലിസ്റ്റ് പരിശോധിച്ച് ഇപ്രകാരമുള്ളവര്‍ക്ക് നോട്ടീസ് നല്‍കണം. വസ്തുനികുതി പരിഷ്‌കരണം നടപ്പാക്കിയ കാര്യം കെട്ടിട ഉടമകളെ അറിയിക്കാന്‍ എസ്എസ്എല്‍സിയും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവരെ താല്‍ക്കാലികമായി നിയോഗിക്കും. ഡിസംബറോടെ ഈ പ്രക്രിയ പൂര്‍ത്തീകരിക്കും. ലൈഫ്മിഷന്‍ പദ്ധതിപ്രകാരം, പൂര്‍ത്തിയാവാത്ത വീടുകള്‍ക്ക് തുടര്‍ധനസഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ഇതുവരെ നിര്‍മിച്ചിട്ടും പൂര്‍ത്തിയാവാത്ത വീടുകളെ പ്രത്യേകസമിതി പരിശോധിച്ചായിരിക്കും സഹായം ലഭ്യമാക്കുക. 42 വീടുകളാണ് നഗരസഭാ പരിധിയില്‍ പൂര്‍ത്തിയാവാതെ കിടക്കുന്നത്. ഗുണഭോക്താവിന്റെ സമ്മതപത്രം വാങ്ങി കരാറുകാരെ നിയോഗിച്ചായിരിക്കും തുടര്‍പ്രവൃത്തി പൂര്‍ത്തീകരിക്കുക. നഗരസഭയിലെ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിയില്‍ വീഴ്ചവരുത്തിയ കരാറുകാരനെ ഒഴിവാക്കും.  കരാര്‍വ്യവസ്ഥ പാലിച്ചു നടത്തിയ ജോലികള്‍ക്കു മാത്രം പണം നല്‍കിയാല്‍ മതിയെന്നും തീരുമാനിച്ചു. ശബരിമല സീസണ്‍ കണക്കിലെടുത്ത് ബദല്‍ സംവിധാനത്തെക്കുറിച്ച് മൂന്നു ദിവസത്തിനകം നിര്‍ദേശം സമര്‍പ്പിക്കാന്‍ അസിസ്റ്റന്റ് എന്‍ജിനീയറെ ചുമതലപ്പെടുത്തി.
Next Story

RELATED STORIES

Share it