Flash News

ഷിരൂര്‍ മഠാധിപതിയുടെ മരണത്തില്‍ ദുരൂഹത

ഉഡുപ്പി: ഷിരൂര്‍ മഠാധിപതി സ്വാമി ലക്ഷ്മീവര തീര്‍ത്ഥയുടെ മരണം സംബന്ധിച്ച് ദുരൂഹത തുടരുന്നു. കഴിഞ്ഞ ദിവസമാണു മഠാധിപതി മരിച്ചത്. അസ്വാസ്ഥ്യമനുഭവപ്പെട്ട അദ്ദേഹം ആശുപത്രിയിലെത്തുകയായിരുന്നു. വൈദ്യ പരിശോധനയില്‍ വിഷാംശം കലര്‍ന്ന ഭക്ഷണം കഴിച്ചതായി കണ്ടെത്തി. അതേസമയം ഇതേ ഭക്ഷണം കഴിച്ച ആശ്രമത്തിലെ മറ്റാര്‍ക്കും കുഴപ്പം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നു സ്വാമിയുടെ മരണം കൊലപാതകമാണെന്നു സംശയം ഉയര്‍ന്നു. ഷിരൂര്‍ മഠാധിപതി ലക്ഷ്മീവര തീര്‍ത്ഥയ്ക്കു വളരെക്കാലമായി ഒരു സ്ത്രീയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നു പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥ പറഞ്ഞു. ഈ ബന്ധം നിലവിലിരിക്കെ അടുത്തകാലത്തു മറ്റൊരു സ്ത്രീയുമായും അദ്ദേഹം അടുത്തബന്ധം സ്ഥാപിച്ചു. ഇത് ഇരുസ്ത്രീകളും തമ്മില്‍ വൈരാഗ്യത്തിനിടയാക്കുകയും അതു സ്വാമിയുടെ ഭക്ഷണത്തില്‍ വിഷംകലര്‍ത്താന്‍ ഇടയാക്കിയിട്ടുണ്ടാവാമെന്നും പോലിസും സംശയിക്കുന്നു.
അതേസമയം സ്വത്തിടപാടു സംബന്ധിച്ച തര്‍ക്കമാവും സ്വാമിജിയുടെ മരണത്തിനിടയാക്കിയതെന്നും അഭ്യൂഹമുണ്ട്. ഇതു സംബന്ധിച്ചു സ്വാമിജി മഠം ആസ്ഥാനത്തു പരാതിപ്പെട്ടിരുന്നതായും വിവരമുണ്ട്. മദ്യപാനവും സ്ത്രീസംസര്‍ഗവുമടക്കം സന്യാസിക്കു നിരക്കാത്ത സ്വഭാവദൂഷ്യങ്ങള്‍ ലക്ഷ്മീവര തീര്‍ത്ഥയ്ക്കുണ്ടായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it