Pathanamthitta local

ശ്രീവല്‍സം: പത്തനംതിട്ട നഗരസഭയില്‍ അപ്രത്യക്ഷമായ ഫയല്‍ തിരിച്ചുകിട്ടി



പത്തനംതിട്ട: നഗരസഭയില്‍ നിന്ന് ശനിയാഴ്ച മോഷണം പോയ ഫയലുകള്‍ ഇന്നലെ തിരിച്ചു കിട്ടി. മൂന്നാം നിലയില്‍ കുടുംശ്രീ ഓഫിസില്‍ ജനലിനോട് ചേര്‍ന്ന് തറയിലാണ് ഫയല്‍ കണ്ടെത്തിയത്. ഫയല്‍ തിരിച്ചു കിട്ടിയെന്ന് നഗരസഭ ചെയര്‍പേഴ്‌സണെ അറിയിച്ചത് ഫയല്‍ സൂക്ഷിക്കേണ്ട വിഭാഗത്തിലെ ഒരു ജീവനക്കാരിയാണ്. ശ്രീവല്‍സം ഗ്രൂപ്പിന്റെ കെട്ടിടം നിര്‍മാണവുമായി ബന്ധപ്പെട്ട ഫയലാണ്  കാണാതായതും തിരിച്ചെത്തിയതും. ഫയല്‍ സൂക്ഷിക്കേണ്ടിയിരുന്നത് രണ്ടാം നിലയിലെ അലമാരയിലാണ്. ഇന്നലെ ഇത് മൂന്നാം നിലയില്‍ കാണപ്പെട്ടത് സംശയകരമായി നില്‍ക്കുന്നു.ഇന്നലെ രാവിലെ 10.30നാണ് ഫയല്‍ കണ്ടെത്തിയെന്ന് ഒരു ജീവനക്കാരി ചെയര്‍പേഴ്‌സണെ വിവരം അറിയിച്ചത്. രണ്ടാം നിലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ ഒരാള്‍ കാണാതായ ഫയല്‍ കണ്ടെത്തിയത് എങ്ങനെയെന്ന ചോദ്യം നിലനില്‍ക്കുന്നു. ഇതിനിടെ, ഫയല്‍ കണ്ടെത്തിയെന്നറിഞ്ഞതിനെ തുടര്‍ന്ന് പോലിസ് ഇന്നലെ നഗരസഭയിലെത്തി അന്വേഷണം നടത്തി. ഫയല്‍ കിടന്ന സ്ഥലം പരിശോധിച്ചു. ചെയര്‍പേഴ്‌സണ്‍, നഗരസഭാ സെക്രട്ടറി, മുനിസിപ്പല്‍ എന്‍ജിനീയര്‍, ജീവനക്കാര്‍ എന്നിവരില്‍ നിന്ന് മൊഴിയെടുത്തു. ഫയല്‍ കാണാതായതിനെ തുടര്‍ന്ന് നഗരസഭ പത്തനംതിട്ട പോലിസിന് പരാതി നല്‍കിയിരുന്നു. ഫയല്‍ തിരിച്ചുകിട്ടിയെന്നും എന്നാല്‍ പോലിസ് നടപടിയില്‍ ഇരിക്കുന്നതിനാല്‍ പരിശോധിച്ചില്ലന്നും ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് അറിയിച്ചു. ശ്രീവല്‍സം ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം പോലിസും ആദായ നികുതി വകുപ്പും നടത്തിവരികയാണ്. ഇതിനിടെ പത്തനംതിട്ടയിലെ നിര്‍മാണം സ്‌പെഷ്യല്‍ ബ്രാഞ്ച് തിരഞ്ഞിരുന്നു. നഗരസഭയില്‍ ഇതിന്റെ വിവരം അന്വേഷിച്ചു എന്നാണ് അറിയുന്നത്. വെള്ളിയാഴ്ച ഫയല്‍ പരിശോധിക്കാന്‍ ചെയര്‍പേഴ്‌സണ്‍ വാങ്ങിയിരുന്നു. ഇത് അവരുടെ ഓഫിസ് അലമാരയില്‍ വച്ചു. ഇതാണ് ശനിയാഴ്ച കാണാതായെന്ന് പരാതി വന്നത്. തിങ്കളാഴ്ച ഉദ്യോഗസ്ഥരുടെ മൊഴിയെടുത്ത പോലിസ് മറ്റ് വിവരങ്ങളും ശേഖരിച്ചു. പ്രാഥമിക പരിശോധനയാണ് നടന്നതെന്ന് എസ്െഎ യു ബിജു പറഞ്ഞു. പരാതി ശനിയാഴ്ച കിട്ടിയിരുന്നു. ജീവനക്കാര്‍ ഓഫിസില്‍ ഇല്ലാതിരുന്നതിനാലാണ് ഞായറാഴ്ച പരിശോധന നടത്താതിരുന്നത്. രേഖകള്‍ നഷ്ടപ്പെട്ടോയെന്ന് പരിശോധിച്ചിട്ടില്ല. മഹസര്‍ തയ്യാറാക്കിയ ശേഷമേ ഫയല്‍ കസ്റ്റഡിയില്‍ എടുക്കൂ. അന്വേഷണം ഇന്നും തുടരുമെന്ന് അദ്ദേഹം പറഞ്ഞു.  2006ല്‍ മറ്റൊരു വ്യക്തി മണ്ണിട്ട് നികത്തിയ നിലമാണ് പിന്നീട് ശ്രീവല്‍സം ഗ്രൂപ്പ് വാങ്ങിയത്. ഇതിലാണ് ഇപ്പോള്‍ കെട്ടിടം പണിഞ്ഞത്. 2016 നവംബറില്‍ പണി പൂര്‍ത്തിയാക്കല്‍  സര്‍ട്ടിഫിക്കറ്റും നഗരസഭയില്‍ നിന്ന് സമ്പാദിച്ചു. 2014ലാണ് കെട്ടിടം പണിക്ക് അനുമതി നേടിയത്. സംസ്ഥാന സര്‍ക്കാരിന്റെ തന്നെ അനുമതിയാണ് കെട്ടിടം പണിക്ക് കിട്ടിയതെന്ന് കരുതുന്നു. എന്നാല്‍ കെട്ടിടം പണിക്ക് എതിരേ നഗരസഭയിലും വിജിലന്‍സിലും പരാതി കിട്ടിയിരുന്നു.മുമ്പ് ചില പരിസ്ഥിതി സംഘടനകളും റിങ് റോഡിലെ നിര്‍മാണങ്ങള്‍ക്ക് എതിരേ പരാതികള്‍ നല്‍കിയിരുന്നു. വയലായിരുന്ന ഇവിടെ ബഹുനില മന്ദിരങ്ങള്‍ പണിയുന്നത് എങ്ങനെയെന്നാണ് അവര്‍ ചോദിച്ചിരുന്നത്.
Next Story

RELATED STORIES

Share it