Flash News

ശ്രീലങ്ക : പ്രകൃതിക്ഷോഭത്തില്‍ മരണം 100 കവിഞ്ഞു



കൊളംബോ: ശ്രീലങ്കയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. 110ഓളം പേരെ കാണാതായിട്ടുണ്ട്. രാജ്യത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ശ്രീലങ്കയുടെ തെക്കുപടിഞ്ഞാറന്‍ മേഖലകളിലാണ് പേമാരി കനത്ത നാശംവിതച്ചത്. 14 വര്‍ഷത്തിനിടെയുണ്ടാവുന്ന ഏറ്റവും വലിയ നാശനഷ്ടത്തിനാണ് രാജ്യം സാക്ഷ്യംവഹിച്ചത്. കാലു, കേലനി, ഗിന്‍, നില്‍ വാല, അട്ടനഗലു, ഒയ നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. നദീതീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ 14 ജില്ലകളിലെ രണ്ടു ലക്ഷത്തിലധികം പേരെ വെള്ളപ്പൊക്കം ബാധിച്ചു. 69 അഭയകേന്ദ്രങ്ങളിലായി 12,007 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി 1000 കരസൈനികരെയാണ്  വിന്യസിച്ചത്. രത്‌നാപുരയിലാണ് പ്രളയത്തെ തുടര്‍ന്ന് കൂടുതല്‍ പേര്‍ മരിച്ചത്. കാലുനദി കരകവിഞ്ഞതിനെ തുടര്‍ന്ന് പ്രധാന ടൗണ്‍ വെള്ളത്തിനടിയിലായി. മഴക്കെടുതിയില്‍ വലയുന്ന ശ്രീലങ്കയിലേക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ നാവികസേനയെ അയച്ചു. ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎന്നിനോടും അയല്‍രാജ്യങ്ങളോടും സഹായമഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് അടിയന്തര സഹായവുമായി ഐഎന്‍എസ് കിര്‍ച്ച് കൊളംബോയിലേക്ക് പുറപ്പെട്ടത്. വെള്ളം, ഭക്ഷണം, മരുന്നുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ അവശ്യ സാധനങ്ങളാണ് കപ്പലിലുള്ളത്.  ഇതുവരെ മൂന്നു കപ്പലുകളാണ് ഇന്ത്യ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചത്. ഇവയില്‍ ഐഎന്‍എസ് ശാര്‍ദുല്‍, ഐഎന്‍എസ് ജലശ്വാ എന്നിവ കൊളംബോയിലേക്കുള്ള യാത്രയിലാണ്. ഡൈവിങിനുള്ള പ്രത്യേക ടീം, ബോട്ടുകള്‍, ഹെലികോപ്ടറുകള്‍ എന്നിവയടക്കമാണ് നാവികസേനാ സംഘം ഐഎന്‍എസ് ജലശ്വായില്‍ പുറപ്പെട്ടതെന്ന്  നാവികസേനാ വക്താവ് ക്യാപ്റ്റന്‍ ശര്‍മ പറഞ്ഞു.
Next Story

RELATED STORIES

Share it