ശ്രീജിത്തിന്റെ മരണം: എസ്‌ഐ ദീപകിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി/പറവൂര്‍: വരാപ്പുഴയി ല്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണക്കേസില്‍ അറസറ്റിലായി റിമാന്‍ഡില്‍ കഴിയുന്ന എസ്‌ഐ ജി എസ് ദീപക്കിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഗൗരവമുള്ള കുറ്റകൃത്യമാണ് സംഭവിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പറവൂര്‍ മജിസ്‌ട്രേറ്റ് കോടതി ദീപക്കിന്റെ ജാമ്യാപേക്ഷ തള്ളിയത്.
കൊലക്കുറ്റം, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, മര്‍ദനം എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ദീപക്കിനെ ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. തുടര്‍ന്ന്, കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപോര്‍ട്ടിലും അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കേസിലെ നാലാം പ്രതിയായ എസ്‌ഐ ജി എസ് ദീപക് ഉന്നത സ്വാധീനമുള്ളയാളായതിനാല്‍ ഇയാളെ ജാമ്യത്തില്‍ വിട്ടാല്‍ തെളിവുകള്‍ നശിപ്പിക്കുന്നതിനും സാധ്യതയുണ്ട് അതിനാല്‍ ജാമ്യം നല്‍കരുതെന്ന് അന്വേഷണ സംഘം കോടതി മുമ്പാകെ അറിയിച്ചിരുന്നു. പ്രോസിക്യൂഷനും ഇതേ നിലപാട് തന്നയാണ് ദീപകിന്റെ ജാമ്യഹരജി പരിഗണിക്കവെ സ്വീകരിച്ചത്. എന്നാല്‍, ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി തനിക്ക് യാതൊരുവിധ ബന്ധവമുില്ലെന്നും ദിപക് അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു. അതെസമയം, കേസിന്റെ അന്വേഷണം പ്രാരംഭഘട്ടമാണെന്നും ഈ ഘട്ടത്തില്‍ പ്രതിക്ക് ജാമ്യം നല്‍കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിക്കൊണ്ട് ജാമ്യ ഹരജി കോടതി തള്ളുകയായിരുന്നു. ജാമ്യാപേക്ഷ തള്ളിയതോടെ ദീപക്കിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി അന്വേഷണ സംഘം ഉടന്‍ അപേക്ഷ നല്‍കും. അതിനിടയില്‍ വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് മരിച്ച കേസിലെ പ്രതികളെ ഇന്ന് തിരിച്ചറിയില്‍ പരേഡിന് വിധേയമാക്കും. കേസില്‍ അറസ്റ്റിലായ ആര്‍ടിഎഫ് അംഗങ്ങളായ സന്തോഷ്‌കുമാര്‍, ജിതിന്‍ രാജ്, സുമേഷ്, എസ്‌ഐ ദീപക്ക് എന്നിവരെയാണ് തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കുക. കേസിലെ സാക്ഷികളെയും ശ്രീജിത്തിന്റെ ബന്ധുക്കളെയും കാക്കനാട് ജില്ലാ ജയിലിലെത്തിച്ചാണ് തിരിച്ചറിയല്‍ പരേഡ് നടത്തുക. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യുന്നത് ഇന്നലെയും തുടര്‍ന്നു.
Next Story

RELATED STORIES

Share it