thiruvananthapuram local

ശ്രീജിത്തിന്റെ പോരാട്ടം നീതിയ്ക്കരികില്‍



തിരുവനന്തപുരം: കൂടപ്പിറപ്പിനെ നഷ്ടപ്പെട്ട ദുഖത്തിലും അതിനു കാരണക്കാരായവരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ ശ്രീജിത്ത് നടത്തിയ ഒറ്റയാള്‍ പോരാട്ടം വിജയത്തിലേക്ക്. പോലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട സഹോദരന്‍ ശ്രീജീവിന് നീതി ലഭിക്കാനാണ് ശ്രീജിത്ത് സെക്രട്ടേറിയറ്റ് നടയില്‍ സമരം ആരംഭിച്ചത്. ഒന്നരവര്‍ഷം നീണ്ട ആ പോരാട്ടം ഒടുവില്‍ സര്‍ക്കാരിന് കണ്ടില്ലെന്ന് നടിക്കാനായില്ല. ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചായിരുന്നു തീരുമാനം.  2014 മെയ് 19ന് രാത്രി 11.30ന് പൂവാറില്‍നിന്നു പാറശാല പോലിസ് കസ്റ്റഡിയിലെടുത്ത ശ്രീജീവ് 21നു തിരുവനന്തപുരം മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു. 2013ലെ മോഷണക്കേസിന്റെ പേരിലാണ് ശ്രീജീവിനെ ഒരുവര്‍ഷം കഴിഞ്ഞു പോലിസ് കസ്റ്റഡിയിലെടുക്കുന്നത്. എറണാകുളത്തു ജോലി ചെയ്യുകയായിരുന്ന ശ്രീജീവിനെ പാറശാല പോലിസ് പൂവാറില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വിഷം കഴിച്ചെന്നുപറഞ്ഞ് ശ്രീജീവിനെ പോലിസ് മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ എത്തിച്ചശേഷമാണു വീട്ടുകാര്‍ കസ്റ്റഡി വിവരംതന്നെ അറിഞ്ഞത്. ആത്മഹത്യയെന്ന് വിധിയെഴുതി കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ച പോലീസ് നടപടി ചോദ്യംചെയ്ത് ശ്രീജിത്തും മാതാവും നിരവധി തവണ അധികൃതരെ കണ്ടു. ശ്രീജീവ് ആത്മഹത്യചെയ്യില്ലെന്നും കസ്റ്റഡി മരണമാണെന്നും ചൂണ്ടിക്കാട്ടി ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കും ഉള്‍പ്പെടെ ഇളയ സഹോദരന്‍ ശ്രീജിത്ത് പരാതി നല്‍കിയെങ്കിലും അന്വേഷിക്കാന്‍ ആരും തയ്യാറായില്ല. തുടര്‍ന്നാണ് സെക്രട്ടേറിയറ്റില്‍ സമരം നടത്താന്‍ ശ്രീജിത് നിര്‍ബന്ധിതനായത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച സമരമാണ് ഇപ്പോള്‍നീതിക്കരികില്‍എത്തി നില്‍ക്കുന്നത്.  സംഭവം ആത്മഹത്യയായി ചിത്രീകരിച്ച് കേസ് അവസാനിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും ശ്രീജീവിന്റെ മരണം പോലിസ് മര്‍ദനമേറ്റാണെന്ന് പോലിസ് കംപ്ലയിന്റ് അതോറിറ്റിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പുതിയ അന്വേഷണസംഘത്തെ നിയമിക്കാനും പ്രതികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാനും കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും അതോറിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. പാറശാല സിഐ ആയിരുന്ന ഗോപകുമാര്‍, എഎസ്‌ഐ ഫിലിപ്പോസ് എന്നിവര്‍ക്കു ശ്രീജിവിന്റെ മരണത്തില്‍ നേരിട്ടുപങ്കുണ്ടെന്ന് അതോറിറ്റി കണ്ടെത്തുകയും ചെയ്തു. പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നും നഷ്ടപരിഹാരത്തുക കുറ്റക്കാരില്‍ നിന്ന് ഈടാക്കി ശ്രീജിവിന്റെ അമ്മ രമണി, സഹോദരന്‍ ശ്രീജിത്ത് എന്നിവര്‍ക്കു നല്‍കണമെന്നുമായിരുന്നു ഉത്തരവ്. ഇക്കാര്യവും സര്‍ക്കാര്‍ പരിഗണിച്ചു.
Next Story

RELATED STORIES

Share it