Flash News

ശ്രീജിത്തിന്റെ കസ്റ്റഡിമരണംഎസ്‌ഐ ദീപക് അറസ്റ്റില്‍

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ വരാപ്പുഴ എസ്‌ഐ ദീപക് അറസ്റ്റില്‍. കേസന്വേഷണം നടത്തുന്ന ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്. കൊലപാതകം, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ദീപക്കിനെതിരേ ചുമത്തിയിരിക്കുന്നത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ ദീപക് നാലാം പ്രതിയാണെന്നാണ് സൂചന.
കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, എസ്‌ഐ ദീപക് എന്നിവരെ പ്രത്യേക അന്വേഷണ സംഘം നേരത്തേ ചോദ്യംചെയ്തിരുന്നു. ഇന്നലെ രാവിലെ വീണ്ടും ദീപക്കിനെ ആലുവ പോലിസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തു. 10 മണിക്കൂറോളം ചോദ്യംചെയ്യല്‍ നീണ്ടു. തുടര്‍ന്ന് ഡിജിപിയുമായി ചര്‍ച്ച ചെയ്തതിനുശേഷമാണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്.
ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിന്റെ തുടക്കം മുതല്‍ തന്നെ എസ്‌ഐ ദീപക്കിനെതിരേ ശക്തമായ ആരോപണം ഉയര്‍ന്നിരുന്നു. ശ്രീജിത്തിന്റെ ബന്ധുക്കളും അറസ്റ്റിലായ മറ്റു പ്രതികളും ദീപക്കിനെതിരേ മൊഴി നല്‍കിയിരുന്നു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ദിവസം അവധിയിലായിരുന്നിട്ടും ദീപക് രാത്രിയില്‍ പോലിസ് സ്‌റ്റേഷനിലെത്തി ശ്രീജിത്ത് അടക്കമുള്ളവരെ മര്‍ദിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
കേസില്‍ ഇതിനകം നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ശ്രീജിത്തിനെ വീട്ടില്‍ നിന്നു കസ്റ്റഡിയിലെടുത്ത ആര്‍ടിഎഫ് അംഗങ്ങളായ സന്തോഷ്, ജിതിന്‍രാജ്, സുമേഷ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരേയും കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നിലവില്‍ ഇവര്‍ റിമാന്‍ഡിലാണ്. ശ്രീജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ അടുത്തദിവസം വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.
ശീജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് സംബന്ധിച്ചു പഠിക്കാന്‍ നിയോഗിച്ചിരിക്കുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപോര്‍ട്ട് തിങ്കളാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ഐജി എസ് ശ്രീജിത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Next Story

RELATED STORIES

Share it